യു.കെ. യില്‍ ക്‌നാനായ ജനങ്ങള്‍ക്ക് മാത്രമായി ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കപ്പെട്ടതിനു ശേഷം നടത്തുന്ന പ്രഥമ ക്‌നാനായ കുടുംബ സംഗമത്തിന്- വാഴ്‌വ് 2023- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഇതിന് മുമ്പും യു.കെ.യില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മിഷന്‍ തലത്തില്‍ ഒരു സംഗമം നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വിശ്വാസ-പൈതൃക സമന്വയ സംഗമമായിട്ടാണ് യു.കെ.യിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ഉറ്റുനോക്കുന്നത്.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍പുത്തന്‍പുരയിലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. അനേകം ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മാഞ്ചസ്റ്ററിലെ ഒഡേഷ്യസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിലാണ് വാഴ്‌വ് 2023 സംഘടിപ്പിച്ചിരിക്കുന്നത്. (Trinity Way, Manchester, M37BD).

വിവിധ കമ്മറ്റികള്‍ ഇതിനായി നാളുകള്‍ക്ക് മുമ്പേതന്നെ തികഞ്ഞ സംഘാടക മികവോടെ പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മികച്ച പബ്ലിസിറ്റി കമ്മറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്നാനായക്കാർ വാഴ് വിനെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞു. അതോടൊപ്പം തന്നെ ഇന്റര്‍സെഷന്‍ പ്രയര്‍ (Intercession prayer) കമ്മറ്റി ആറു മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരിപാടിയുടെ വിജയത്തിനായുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും പ്രയര്‍ കാര്‍ഡുകള്‍ മിഷനുകള്‍ വഴിയായി എല്ലാ ഭവനങ്ങളിലും എത്തിക്കുകയും ചെയ്തു. ഈ പ്രഥമ ക്‌നാനായ ഫാമിലി സംഗമത്തിന് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി നല്‍കാന്‍ സാധിക്കുന്നുവെന്നത് ഫിനാന്‍സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ മികവ് വിളിച്ചോതുന്നു. കൂടാതെ ഏപ്രില്‍ 29 ലെ വി.കുര്‍ബാനയും പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്‍, ഗസ്റ്റ് മാനേജ്‌മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്‍സ്‌പോര്‍ട്ടേഷൻ, ഡെക്കറേഷൻ & ടൈം മാനേജ്മെൻ്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും, ക്‌നാനായ പൈതൃകപാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും, പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്‌വ് 2023 നെ ഏവരും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു കഴിഞ്ഞു.
യു.കെയിലെ ക്‌നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയ ദിനമായ ഏപ്രില്‍ 29 ലെ വാഴ്‌വിന്റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്‌നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും, കോട്ടയം അതിരൂപതയുടെ തലവനുമായ അഭി. മാര്‍ മാത്യൂ മൂലക്കാട്ട് പിതാവ് 5 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം യു.കെ. യില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സാല്‍ഫോര്‍ഡ് രൂപതാ മെത്രാന്‍ ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ്, പാര്‍ലമെന്റ് അംഗം മൈക്ക് കെയ്ന്‍ അതിരൂപത കെ.സി.സി സെക്രട്ടറി ശ്രീ. ബേബി മുളവേലിപ്പുറത്ത് എന്നിവരെ കൂടാതെ യു.കെ. യിലെ മറ്റ് പ്രതിനിധികളും വേദിയില്‍ വിശിഷ്ടാതിഥികളായി എത്തുന്നു.
ഏപ്രില്‍ 29 യു.കെ. യിലെ ക്‌നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്‌വ് എന്ന പേരി ദ്യോതിപ്പിക്കും പ്രകാരം പരി. കുര്‍ബാനയുടെ ആരാധനയോടെ രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും. 10.30 ന് അഭി. മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും യു.കെ. യിലെ എല്ലാ ക്‌നാനായ വൈദികരുടെയും സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്‌നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യു.കെ. യിലെ എല്ലാ മിഷനുകളില്‍ നിന്നുമുള്ള കലാ പ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. രാത്രി 7 മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡീക്കന്‍ അനില്‍ ലൂക്കോസ് ഒഴുകയില്‍ അറിയിച്ചു. തങ്ങളുടെ വിശ്വാസ പ്രഘോഷണ ദിനമായും, ക്‌നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും, സൗഹൃദസംഗമ കൂട്ടായ്മവേദിയായും മാറുന്ന ഏപ്രില്‍ 29 ലെ വാഴ്‌വ് 2023 നെ യു.കെ. യിലെ ക്‌നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.













