കോട്ടയം അതിരൂപതാ അധ്യക്ഷന് ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കാ വിശ്വാസികളുടെമേൽ അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം തയ്യാറാക്കി റോമിന് സമർപ്പിക്കുന്നതിനായുള്ള ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചു
ക്നാനായ കത്തോലിക്കാ കോൺഗ്രസ്സും KCWA, KCYL എന്നീ അൽമായ സംഘടകളും, കോട്ടയം രൂപതയിലെ എല്ലാ ഇടവകകളിലെയും വൈദീകരുടെയും, കൈക്കാരന്മാരുടെയും,പാരീഷ് കൗൺസിൽ അംഗങ്ങളുടെയും, സന്യാസ സഭാ പ്രതിനിധികളുടെയും, കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിലും, വിദേശരാജ്യങ്ങളിൽ ക്നാനായ മിഷനുകളേയും, ക്നാനായ ഇടവകകളേയും, ക്നാനായ സംഘടനകളേയും സഹകരിപ്പിച്ചുകൊണ്ടും കോട്ടയം രൂപതാ അധ്യക്ഷന് ലോകം മുഴുവനുമുള്ള ക്നാനായ കാത്തോലിക്കരുടെ മേൽ അജപാലനാധികാരം ലഭ്യമാക്കണമെന്നുള്ള നിവേദനത്തിന്മേൽ ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചു. കോട്ടയം രൂപത ശതാബ്ദി ദിനമായ 2023 ഡിസംബർ 21-)o തിയതി മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും, മാർ അപ്രേം പിതാവിന്റെയും, മാർ. കുര്യൻ വയലിങ്കൽ പിതാവിന്റെയും, വികാരി ജനറൽ മാർ മൈക്കിൾ വെട്ടിക്കാട്ടിന്റെയും നേതൃത്വത്തിൽ നടന്ന കൃതജ്ഞത ബലിക്ക് ശേഷം കോട്ടയം അരമന മുറ്റത്ത് വെച്ച് വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ സാന്നിധ്യത്തിൽ കെസിസി പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയിൽ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം രൂപതയിലെ ക്നാനായ കത്തോലിക്ക അൽമായ പ്രതിനിധികളുടെയും, സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുടെയും നേതൃത്വത്തിൽ മൺമറഞ്ഞുപോയ നമ്മുടെ കാരണവന്മാരെ അനുസ്മരിച്ചു കൊണ്ടും, ക്നാനായ സമുദായത്തെ ഇന്നോളം വഴി നടത്തിയ വലിയവനായ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടും, ഇന്ന് ക്നാനായ സമുദായം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കവേ ആത്മീയ ശുശ്രൂഷ ലഭിക്കുന്നതിനോടൊപ്പം ക്നാനായ സമുദായ പാരമ്പര്യവും വ്യതിരക്തതയും കാത്തുസൂക്ഷിക്കുന്നതിന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഓർത്ത് വലിയ ആകുലതയോട് കൂടി കൂട്ടായി പ്രാർത്ഥിച്ചു കൊണ്ടും, ക്നാനായ സമുദായത്തിന്റെ പ്രേക്ഷിത കുടിയേറ്റ നേതാക്കന്മാരായ ക്നായി തൊമ്മനേയും ഉറഹ മാർ യൗസേപ്പിനെയും സാക്ഷിനിർത്തി 'മാർത്തോമൻ നന്മയാൽ' എന്ന പ്രാർത്ഥന ഗാനത്തോട് കൂടിയാണ് റോമിന് സമർപ്പിക്കുന്ന നിവേദനത്തിന്മേലുള്ള ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചത്. വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, KCWA പ്രസിഡന്റ് ഷൈനി സിറിയക്, KCYL പ്രസിഡന്റ് ജോണി സ്റ്റീഫൻ, ജോൺ തെരുവത്ത്, ടോം കരികുളം, എം സി കുര്യാക്കോസ്, ബിനു ചെങ്ങളം,എബ്രഹാം കുരീക്കോട്ടിൽ, ബിനോയ് ഇടയാടിയിൽ, ഫിലിപ്പ് പെരുമ്പളത്തുശ്ശേരിയിൽ തുടങ്ങിയവർ ആദ്യ ഒപ്പുശേഖരണത്തിൽ ഭാഗവാക്കായി.











