വിയന്ന: അഞ്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, ഓസ്ട്രിയായിലെ ക്‌നാനായ കത്തോലിക്ക സമൂഹത്തിന് 2025 ലെ ക്രിസ്മസ് ദിനത്തില്‍ ലഭിച്ച പുതിയ ഇടവക സംവിധാനം ചരിത്ര പ്രാധാന്യമുള്ള ഒരു ക്രിസ്മസ് സമ്മാനമായി. പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയെറ്റിന്റെ കീഴില്‍ വിയന്ന അതിരൂപതക്കുള്ളില്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി പുതിയ ഇടവക സംവിധാനം നിലവില്‍ വന്നു. വിയന്ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ എമിര ത്തൂസും ഓസ്ട്രിയായിലെ പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയെറ്റിന്റെ പ്രസിഡന്റുമായ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷെന്‍ബ്രണ്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഇടവക സംവിധാനം നിലവില്‍ വന്നത്. വിയന്നയിലെ മറ്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റികള്‍ക്ക് സമാനമായി, ക്‌നാനായ സഭയ്ക്ക് ലഭിച്ച ഈ പുതിയ അംഗീകാരം, വിയന്നയിലെ ക്‌നാനായ മക്കള്‍ക്ക് സന്തോഷത്തിന്റെ ഒരു ക്രിസ്മസ് സമ്മാനമായി. ഡിസംബര്‍ 25ന് നടന്ന ആഘോഷമായ ക്രിസ്മസ് ദിവ്യബലിയില്‍, ഓസ്ട്രിയായിലെ പൗരസ്ത്യ സഭകളുടെ വികാരി ജനറല്‍ ബഹുമാനപ്പെട്ട യൂറി കോളാസ പുതിയ ഇടവകയുടെ അംഗീകാരമായ ഔദ്യോഗിക ഡിക്രി , ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി പ്രസിഡന്റ് രാജേഷ് കടവിലിനും, സെക്രട്ടറി ജോര്‍ജ് വടക്കഞ്ചേരിയില്‍ നും കൈമാറി. ഈ പുതിയ പാസ്റ്ററല്‍ സംവിധാനത്തിന്റെ ആദ്യ ചാപ്ലിന്‍ ആയി ഫാ. ജിജോ ഇലല വുങ്കച്ചാലില്‍ നിയമിതനായി. ഓസ്ട്രിയായില്‍, പ്രത്യേകിച്ച് വിയന്നയിലെ കത്തോലിക്കാ സഭാ സമൂഹങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന, ക്‌നാനായ സമൂഹത്തിന്റെ വിശ്വാസനിഷ്ഠയക്കും, സഭാ സാന്നിധ്യത്തിനും ലഭിച്ച അംഗീകാരമായിട്ടാണ് ഈ പ്രഖ്യാപനത്തെ കണക്കാക്കുന്നത്. ഈ പുതിയ അംഗീകാരം, ഓസ്ട്രിയായിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ ഉണര്‍വിനും, വളര്‍ച്ചയ്ക്കും ഊര്‍ജ്ജം നല്‍കുമെന്ന് ക്‌നാനായ സഭാ സമൂഹം അഭിപ്രായപ്പെട്ടു.















