കോട്ടയം: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വച്ച് 1999 ജനുവരി 6-ാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാവുകയും 2006 ജനുവരി 14-ാം തീയതി കോട്ടയം അതിരൂപതാദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുകയും ചെയ്ത മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങള്‍ 2024 ജനുവരി 2 ചൊവ്വാഴ്ച കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയില്‍ വിവിധ രൂപതകളിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മ്മികരായി പങ്കെടുക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ ഉപവി-സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭാരത കത്തോലിക്ക മെത്രാന്‍സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിക്കും. സമര്‍പ്പിത അല്‍മായ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും.
Home ഇന്ത്യൻ വാർത്തകൾ മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലിയാഘോഷങ്ങള്‍ ജനുവരി 2 ന്












