മെൽബൺ: വിക്ടോറിയൻ ക്നാനായ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ജൂലൈ 18 മുതൽ 24 വരെ ഇന്തോനേഷ്യൻ പ്രവിശ്യ ആയ സഞ്ചാരപ്രിയരുടെ സ്വർഗം എന്നറിയപ്പെടുന്ന ബാലിയിലേക്കു നടത്തിയ ആദ്യത്തെ International trip അത്യന്തം ഉല്ലാസഭരിതവും ആവേശോജ്ജ്വലവും ആയിരുന്നു. 6 ദിവസം നീണ്ടു നിന്ന ഈ യാത്രയിൽ വിക്ടോറിയ സംസ്ഥാനത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി പ്രായ ഭേദമെന്യേ 35-ഓളം വനിതകളാണ് പങ്കെടുത്തത്. ബാലിദ്വീപിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ‘കൂട്ട’ എന്ന പട്ടണത്തിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള താമസമൊരുക്കിയിരുന്നത്. ഭാരതീയ സംസ്കാരത്തിനോട് ഏറെ സമാനതകളുള്ള ശില്പങ്ങളുടെയും ആചാരങ്ങളുടെയും നാടായ ബാലിയിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ വേറിട്ട അനുഭവങ്ങളാണ് ഓരോരുത്തർക്കും സമ്മാനിച്ചത്. കലാവൈഭവവും പൗരാണികതയും വിളിച്ചോതുന്ന നയനാഭിരാമമായ ധാരാളം ക്ഷേത്രങ്ങൾ ഒരു ദൃശ്യവിരുന്നു തന്നെ ഏവർക്കും ഒരുക്കി.പ്രധാനമായും Tirta Empul, Batukaru, Taman Ayun എന്നീ പുരാതന വാസ്തു സൃഷ്ടികൾ !
ഹരിതാഭ നിറഞ്ഞ ഉബുദ് ഗ്രാമത്തിലെ തട്ടു തട്ടായ നെൽപ്പാടങ്ങളും ലുവാക് കോഫി എന്ന സവിശേഷയിനം കാപ്പിയും മറ്റ് വിവിധ പാനീയങ്ങളുടെയും രുചി പരീക്ഷണവും സാഹസികത നിറഞ്ഞ ഊഞ്ഞാലാട്ടവുമൊക്കെ എല്ലാവരും ഒരുപോലെ ആസ്വദിച്ചു.
സൂര്യാസ്തമയത്തോടനുബന്ധിച്ചു അരങ്ങേറുന്ന പരമ്പരാഗത നൃത്ത രൂപമായ കെച്ചെക് നൃത്തത്തിന്റെ ചടുല താളങ്ങൾ ഏറ്റം ഇമ്പമേറിയതും മനോഹാരിത നിറഞ്ഞതും ആയിരുന്നു. ജിമ്പാരൻ ബീച്ചിലെ സംഗീതനൃത്ത നിശയും അത്താഴവിരുന്നും ബാലിനീസ് മസാജും വഴിയോര കച്ചവടക്കാരുമായുള്ള വിലപേശലും കുതിര സവാരിയും വാനരന്മാരുടെ സ്വതന്ത്ര വിഹാര സങ്കേതത്തിലേക്കുള്ള സന്ദർശനവുമൊക്കെ ഏറെ ആകർഷണീയങ്ങളായിരുന്നു. Ocean walk, Snorkelling, Parasailing, River rafting തുടങ്ങിയ സാഹസിക പരിപാടികളിൽ പങ്കെടുക്കുന്നതിനും എല്ലാവരും മുൻപന്തിയിൽ തന്നെ നിന്നു . കേരളീയ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന വിധം പ്ലാവ് ,മാവ് ,ചെമ്പകം എന്നിവ ഇരുവശവും ഇടതൂർന്നു വളർന്നു നിൽക്കുന്ന ബാലിയുടെ നിരത്തിലൂടെ ക്നാനായപുരാതനപ്പാട്ടുകളും അന്താക്ഷരിയുമൊക്കെയായി ആർത്തുല്ലസിച്ചു ചെയ്ത ബസ് യാത്ര തങ്ങളുടെ ചെറുപ്പകാലത്തിലേക്കു കൊണ്ടു പോയി എന്ന് എല്ലാവരും ആവർത്തിച്ചു പ്രഖ്യാപിച്ചു .
തങ്ങളുടെ തിരക്കേറിയ ജീവിതചര്യയിൽ നിന്നും കുറച്ചു ദിവസങ്ങൾ അവധിയെടുത്തു ക്നാനായ സഹോദരികൾക്കൊപ്പം നടത്തിയ ഈ ഉല്ലാസയാത്ര തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു എന്ന് എല്ലാവരും പ്രതികരിച്ചു. ഇതിനു നേതൃത്വം നൽകിയ കമ്മറ്റി ഭാരവാഹികളെ അനുമോദിക്കുകയും വരും വർഷങ്ങളിലും ഇത് പോലെയുള്ള വ്യത്യസ്തമായ പരിപാടികളുമായി ഇനിയും മുൻപോട്ടു വരണമെന്നും എല്ലാവരും ഐക്യകണ്ഠേന അഭ്യർത്ഥിക്കുകയുമുണ്ടായി. ഈ ഉദ്യമത്തിൽ ഭാഗഭാക്കായ എല്ലാ അംഗങ്ങൾക്കും കമ്മറ്റി ഭാരവാഹികൾ പ്രത്യേകം നന്ദി അർപ്പിച്ചു.
ജിബി സ്റ്റീഫൻ
മെൽബൺ.













