ചിക്കാഗോ: ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാസങ്ങളായി നടപ്പിലാക്കി വരുന്ന “Share with Joy, Prayer with Care” ബർത്ത്‌ഡേ ചാരിറ്റി പ്രോജക്റ്റിന്റെ ഭാഗമായി, മെയ് 16-ന് ഫോർട്ട് കൊച്ചിയിലെ ആശ്വാസഭവനിൽ വാർഷിക ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ഈ പ്രോജക്റ്റിന്റെ ഭാഗമായി ആശ്വാസഭവനിലെ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനാ സമർപ്പണവും, ഇടവകയിൽ മെയ് മാസത്തിൽ ജന്മദിനം ആഘോഷിക്കുന്നവർക്കായുള്ള പ്രത്യേക Birthday Blessing Service-ഉം മെയ് 17-ന് സെൻറ് മേരീസ് ദേവാലയത്തിൽ രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തി. ഇടവക വികാരി ഫാ. സിജു മുടക്കോടിയുടെ മുഖ്യകാർമികത്വത്തിലും മിഷൻ ലീഗ് സ്പിരിച്ച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിപ്പുത്തൻപുരയുടെ സാന്നിധ്യത്തിലും നടന്ന ശുശ്രൂഷയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിപുലമായ രീതിയിൽ സംഘടിപ്പിച്ച ആശ്വാസഭവനിലെ ആഘോഷങ്ങൾക്ക് അവിടുത്തെ കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂടുതൽ മാറ്റുകൂട്ടി. വാർഷിക ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവരെയും പ്രതിനിധീകരിച്ച് സിസ്റ്റർ ഫാബിയോള കേക്ക് മുറിക്കുകയും എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് നടന്ന സമൃദ്ധമായ ഭക്ഷണവിരുന്നിനും സമ്മാന വിതരണത്തിനും ശേഷം സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറായ സിസ്റ്റർ ഫാബിയോള, സെൻറ് മേരീസ് ദേവാലയ ഇടവകാംഗങ്ങൾക്കും മിഷൻ ലീഗ് യൂണിറ്റിനും പ്രത്യേക നന്ദി അറിയിച്ചു. അനാഥരുമായും നിരാലംബരുമായ കുട്ടികൾക്ക് സ്നേഹവും കരുതലും പിന്തുണയും നൽകുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ സൃഷ്ടിക്കാനായതിൽ അവർ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ആഗതമാകുന്ന മൺസൂൺ കാലത്തെ മുൻനിർത്തി കുട്ടികൾക്ക് ജന്മദിനസമ്മാനമായി വിതരണം ചെയ്ത “Poppy Umbrella”-കൾ കുട്ടികളിൽ ഏറെ ആവേശവും സന്തോഷവും നിറച്ചതായും സിസ്റ്റർ ഫാബിയോള പറഞ്ഞു.

ഫോർട്ട് കൊച്ചിയിലെ ഗ്രേറ്റ് പേപ്പർ ബാഗ് കമ്പനി ഉടമയും ആശ്വാസഭവന്റെ അഭ്യുദയകാംക്ഷിയുമായ അമീഷ് ജോൺ കുരിശിങ്കൽ ആണ് സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റിനുവേണ്ടി ആശ്വാസഭവനിലെ ആഘോഷങ്ങൾ ഏകോപിപ്പിച്ചത്. ഫ്ലോറൻസ്, ഇറ്റലിയിൽ നിന്നുള്ള സിസ്റ്റർ ഫാബിയോള ഫാബ്രി, “ഫോർട്ട് കൊച്ചിയുടെ മദർ തെരേസ” എന്നറിയപ്പെടുന്ന സമർപ്പിത മിഷണറിയാണ്. 1996 മുതൽ കേരളത്തിൽ സേവനം ചെയ്യുന്ന അവർ Apostolic Sisters of Consolata സഭയിലെ അംഗമാണ്. പ്രാദേശിക സംസ്കാരവും ഭാഷയും ഹൃദയപൂർവ്വം ഉൾക്കൊണ്ട്, ദരിദ്രരും നിരാലംബരുമായവരുടെ ജീവിതത്തിൽ കരുണയും ആശ്വാസവും പകരുന്ന സാന്നിധ്യമായി അവർ മാറിയിരിക്കുന്നു. “ഒരു കുട്ടിയും ഉപേക്ഷിക്കപ്പെടരുത്” എന്ന ദൗത്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ഫാബിയോള, പ്രത്യേകിച്ച് റെയിൽവേ സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷണത്തിലേക്ക് കൊണ്ടുവന്ന്, സുരക്ഷിതവും സ്നേഹപൂർണ്ണവുമായി ജീവിതം നൽകുകയാണ്. പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങളിൽ പുതിയ വെളിച്ചം തെളിയിക്കുന്ന മഹത്തായ സേവനമാണ് അവർ നടത്തുന്നത്. ഫോർട്ട് കൊച്ചിയിൽ അവർ സ്ഥാപിച്ച ആശ്വാസഭവൻ ആവശ്യക്കാരായ കുട്ടികൾക്കായുള്ള സുരക്ഷിത അഭയകേന്ദ്രമാണ്. നിലവിൽ 82 കുട്ടികളെ അവിടെ സ്നേഹത്തോടും കരുതലോടും കൂടി പരിപാലിച്ചു വരുന്നു. സാമ്പത്തിക പ്രതിസന്ധികളും സ്ഥലപരിമിതികളും ഉണ്ടായിട്ടും, ഓരോ കുട്ടിക്കും സുരക്ഷിതമായ താമസവും സമഗ്രപരിചരണവും ഉറപ്പാക്കാൻ അവർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. നിസ്വാർത്ഥ സേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉജ്ജ്വല മാതൃകയാണ് സിസ്റ്റർ ഫാബിയോളയുടെ ജീവിതം. ഈ വർഷം “Share with Joy, Prayer with Care” ചാരിറ്റി പ്രോജക്റ്റിലൂടെ സേവനം ലഭ്യമാക്കുന്ന എട്ടാമത്തെ സ്ഥാപനമാണ് ആശ്വാസഭവൻ. എല്ലാ മാസവും ഈ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഇടവകാംഗങ്ങളിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ജോജോ അനാലിൽ എല്ലാ ഇടവകാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

Home അമേരിക്കൻ വാർത്തകൾ “സ്നേഹത്തിന്റെ കുടക്കീഴിൽ പ്രത്യാശയുടെ പിറന്നാൾ “ ഫോർട്ട് കൊച്ചി ആശ്വാസഭവനിൽ വാർഷിക ജന്മദിനാഘോഷം.











