കോട്ടയം: പ്രൊഫ. കണ്ടോത്ത് അനുസ്മരണവും പ്രസംഗമത്സരവും പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്ത് ചെയര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 2024 ഫെബ്രുവരി 6-ാം തീയതി ബി.സി.എം. കോളജില്‍ സംഘടിപ്പിക്കുന്നു. അഭി. തോമസ് തറയില്‍ പിതാവിനോട് ചേര്‍ന്ന് ബിഷപ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ കോളജ് സ്ഥാപനത്തിന് അക്ഷീണം യത്‌നിക്കുകയും പ്രഥമ പ്രിന്‍സിപ്പാളായും ഫിസിക്‌സ് വകുപ്പ് അധ്യക്ഷനായും സേവനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് പ്രൊഫ. കണ്ടോത്ത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംഘടിത ക്‌നാനായ മലബാര്‍ കുടിയേറ്റത്തിന്റെ 81-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് അനുസ്മരണപരിപാടി ക്രമീകരിച്ചിരിക്കുന്നത്. സുറിയാനിക്രിസ്ത്യാനികളുടെ മലബാര്‍ കുടിയേറ്റത്തെക്കുറിച്ച് ഗവേഷകഗ്രന്ഥം രചിച്ച വ്യക്തിയും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊഫസറുമായ റവ. ഡോ. മാത്യു കൊച്ചാദംപള്ളില്‍ “സംഘടിത മലബാര്‍ കുടിയേറ്റം: പ്രൊഫ. കണ്ടോത്തിന്റെ ക്രാന്തദര്‍ശിത്വവും അശ്രാന്തയത്‌നങ്ങളും” എന്ന വിഷയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് അനുസ്മരണപ്രഭാഷണം നടത്തുന്നു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി രാവിലെ 10 മണിക്ക് പ്രസംഗമത്സരവും സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴയ്ക്കടുത്ത് വാരപ്പെട്ടിയില്‍ ജനിച്ച വി.ജെ. ജോസഫ്, മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍, തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ഊര്‍ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ അധ്യാപകനായി. അദ്ദേഹം രചിച്ച എക്‌സ്‌പെരിമെന്റല്‍ ഫിസിക്‌സ്, അഡ്വാന്‍സ്ഡ് എക്‌സ്‌പെരിമെന്റല്‍ ഫിസിക്‌സ് എന്നീ ഗ്രന്ഥങ്ങള്‍ മദ്രാസ് സര്‍വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. വാരപ്പെട്ടി പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, പള്ളിവാസല്‍ നിയോജകമണ്ഡലം എം.എല്‍.എ., അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും ബഹുമുഖപ്രതിഭയായ അദ്ദേഹം പൊതുസമൂഹത്തില്‍ സേവനം അര്‍പ്പിച്ചിട്ടുണ്ട്. ലോകമഹായുദ്ധങ്ങളുടെ ഭാഗമായി കേരളത്തില്‍ സംജാതമായ സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് ഫലഭൂയിഷ്ഠമായ മണ്ണിലേക്ക് അധ്വാനശീലരായ കര്‍ഷകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്‌നാനായ മഹാജനസഭയുടെ സ്ഥാപകനേതാവായിരുന്ന പ്രൊഫ. കണ്ടോത്തിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്തതാണ് സംഘടിത ക്‌നാനായ മലബാര്‍ കുടിയേറ്റം.
കാസര്‍ഗോഡ് ജില്ലയില്‍ കള്ളാറിനടുത്തുള്ള ഏച്ചിക്കോല്‍ എന്ന സ്ഥലത്ത് 1943 ഫെബ്രുവരി 4-ന് 72 ക്‌നാനായ കുടുംബങ്ങളെ എത്തിച്ച് രാജപുരത്തും പിന്നീട് കണ്ണൂരില്‍ മടമ്പത്തും കോളനി സ്ഥാപിച്ചതിലൂടെയാണ് സംഘടിത കുടിയേറ്റം സാധ്യമാക്കിയത്. ഈ കുടിയേറ്റങ്ങളുടെ തുടര്‍ച്ചയായാണ് രാജപുരം പയസ് ടെന്‍ത് കോളേജ്, മടമ്പം പ്രൊഫ. കണ്ടോത്ത് മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ കോളേജ് എന്നീ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രൂപംകൊണ്ടത്. കോട്ടയം ബി.സി.എം. കോളേജ് സ്ഥാപക പ്രിന്‍സിപ്പാള്‍, പാലാ സെന്റ് തോമസ്, മൂവാറ്റുപുഴ നിര്‍മല, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എന്നീ കോളേജുകളുടെ പ്രാരംഭഘട്ടത്തിലെ മുന്‍നിരപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്രകാരം മലബാറിന്റെയും മധ്യതിരുവിതാംകൂറിന്റെയും വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചയില്‍ ഉയര്‍ന്ന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. ആഗോള കുടിയേറ്റത്തിന്റെ ആനുകാലിക സാധ്യതകളും വെല്ലുവിളികളും പ്രൊഫ. കണ്ടോത്തിന്റെ കുടിയേറ്റ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഗവേഷണാത്മകമായി പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരപ്പെട്ടി കണ്ടോത്ത് കുടുംബയോഗത്തിന്റെ സാമ്പത്തികസഹായത്തോടെ ബി.സി.എം. കോളേജില്‍ പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്ത് ചെയര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ് സ്ഥാപിതമായിരിക്കുന്നത്.











