കോട്ടയം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ ജീവാ കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി സെന്ററില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ഓണാഘോഷം പങ്കെടുത്തവര്‍ക്ക് അവിസ്മരണീയ അനുഭവമായി. സമകാലിക സാമൂഹ്യ പശ്ചാത്തലത്തില്‍ മതാന്തര സൗഹൃദം വളര്‍ത്തിയെടുക്കുവാനും ഉച്ചനീചത്വങ്ങളില്ലാത്ത തുല്യതയുടേയും ഒരുമയുടേയും ഓണസന്ദേശം സമൂഹത്തിനു നല്‍കുവാനുമായാണ് ഏറെ പുതുമകളോടെ ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനു മുന്നോടിയായി ജീവ കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ അഞ്ജിത, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആനന്ദ് എന്നിവര്‍ കോട്ടയം പ്രദേശത്തെ പരിമിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന നിര്‍ദ്ധന കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ അവരെ ക്ഷണിക്കുകയും ചെയ്തു. പ്രധാനമായും കോട്ടയം പട്ടണത്തിലെ നിരത്തുകളില്‍ വിവിധ കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവരുടേയും ഇതര സാധാരണക്കാരായ കുടുംബങ്ങളെയുമാണ് ഓണാഘോഷത്തില്‍ ഉള്‍ച്ചേര്‍ത്തത്. 40 പേര്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തി.
ജീവകൗണ്‍സലിംഗ് സെന്ററില്‍ അതിഥികളായെത്തിയവര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അവരുടെ കലാവിരുന്നുകള്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കുകയും ചെയ്തു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരുപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഓണാഘോഷത്തിന് എത്തിച്ചേര്‍ന്നതും അവരുമായി സംവദിച്ചതും അവര്‍ക്ക് നവ്യാനുഭവമായിരുന്നു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ അസിസ്റ്റന്റ് സുപ്പീരില്‍ ജനറല്‍ സിസ്റ്റര്‍ മേഴ്സിലിറ്റ് എസ്.വി. എം, ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ബി.സി.എം കോളേജ് വിദ്യാര്‍ത്ഥിനികളും വിസിറ്റേഷന്‍ സമൂഹാംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണസദ്യയോടൊപ്പം പങ്കെടുത്ത എല്ലാവര്‍ക്കും ഓണസമ്മാനവും നല്‍കുകയുണ്ടായി.











