കോട്ടയം: 23 വര്‍ഷക്കാലം കോട്ടയം അതിരൂപതയെ നയിച്ച അഭിവന്ദ്യ തറയില്‍ പിതാവിന്റെ അനുസ്മരണം കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തി. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കുകയും 1975 ജൂലൈ മാസം 26-ാം തീയതി കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ തറയില്‍ പിതാവിന്റെ കബറിടത്തില്‍ ഒപ്പീസ് നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുസ്മരണ സന്ദേശം നല്‍കി. ആദ്ധ്യാത്മിക മണ്ഡലത്തിലും രൂപതയുടെയും രൂപതാംഗങ്ങളുടെയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ആതുരസേവനരംഗത്തെ വളര്‍ച്ചയിലും പിതാവിന്റെ നേതൃത്വം സ്മര്‍ത്തവ്യമാണെന്നു പിതാവു അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു. കേരളത്തില്‍ അധികമാര്‍ക്കും സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിത ജീവിതശൈലിയെ പരിചയമില്ലാതിരുന്ന കാലത്ത് രൂപതയില്‍ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിവന്ദ്യ തറയില്‍ പിതാവു സ്ഥാപിച്ചതു സീറോ മലബാര്‍സഭയില്‍ നിര്‍ണ്ണായക ഒരു കാല്‍വയ്പായിരുന്നുവെന്നും അക്ഷരനഗരിയായ കോട്ടയത്തിന്റെ തിലക്കുറിയായി വിരാജിക്കുന്ന ബി.സി.എം. കോളേജും ആതുരസേവനരംഗത്ത് അതിരൂപതയുടെ കാരുണ്യത്തിന്റെ മുഖമായി പ്രകാശിക്കുന്ന കാരിത്താസ് ആശുപത്രിയും അഭിവന്ദ്യ പിതാവിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന മഹനീയ സംരംഭങ്ങളാണെന്നും പിതാവു പറഞ്ഞു.വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, അഡീഷണല്‍ ചാന്‍സിലര്‍ ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.











