Home ഇന്ത്യൻ വാർത്തകൾ ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സിബി മലയിലിന് ; മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം...

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സിബി മലയിലിന് ; മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു

137
0

കോട്ടയം: ക്രിസ്തുവിന്റെ സന്ദേശം പ്രവർത്തിപഥത്തിലെത്തിച്ച മെത്രാപ്പോലീത്തയായിരുന്നു ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ വർഷത്തെ മികച്ച പൊതുജന സേവകനുള്ള ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ദർശന ഓഡിറ്റോറിയത്തിലായിരുന്നു അവാർഡ് ദാന സമ്മേളനം. ഒറ്റപ്പെട്ടവർക്കൊപ്പം എക്കാലത്തും നിലകൊണ്ട വ്യക്തിത്വമായിരുന്നു കുന്നശ്ശേരി പിതാവിന്റേതെന്നും, ക്നാനായ സമുദായത്തെ ഉന്നതിയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച സംവിധായകനാണ് പുരസ്കാര ജേതാവായ സിബി മലയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50,000 രൂപയുടെ ചെക്കും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം മുഖ്യമന്ത്രി സിബി മലയിലിന് കൈമാറി.

സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ അഡ്വ. മോൻസ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം ആശംസാപ്രസംഗം നടത്തി. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടൻ എക്സ് എം.പി സ്വാഗതം ആശംസിച്ചു. ട്രസ്റ്റിയായ ഷെവലിയാർ ജോയി ജോസഫ് കൊടിയന്തറ പ്രശംസാപത്രം വായിച്ചു. പ്രൊഫ. രമണി തറയിൽ നന്ദി പ്രകാശിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി മാരായ ഡോ. ജോജോ ജോസഫ് കുന്നശ്ശേരി, സിറിയക് ചാഴികാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, സിനിമാ നിർമ്മാതാക്കളായ പ്രേംപ്രകാശ്, ജോയി തോമസ്, പ്രശസ്ത തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, പി.യു തോമസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Previous articleഏറ്റുമാനൂർ : പഴേമ്പള്ളിൽ മേരി കുര്യൻ 
Next articleരാജ്കോട്ട് രൂപത മുന്‍ ബിഷപ്പ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സി.എം.ഐ അന്തരിച്ചു.

Leave a Reply