Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വെയിൽസ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു

വെയിൽസ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു

139
0

കാർഡിഫ്: വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ വെച്ച് നടന്ന തിരുനാൾ തിരുക്കർമ്മങ്ങൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കും വിധമാണ് ഇത്തവണത്തെ പരിപാടികൾ ക്രമീകരിച്ചിരുന്നത്.
തിരുനാൾ ദിവസം രാവിലെ 9.45-ന് മിഷൻ കോഓർഡിനേറ്റർ ഫാദർ ജിൻസ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടർന്ന് നടന്ന പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തപ്പെട്ടു. ക്നാനായ മിഷൻസ് യുകെ കോഓർഡിനേറ്റർ ബഹുമാനപ്പെട്ട ഫാദർ സുനി പടിഞ്ഞാറേക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഫാദർ അജൂബ് തോട്ടനാനിയിൽ, ഫാദർ ജിൻസ് കണ്ടക്കാട്ട് എന്നിവർ സഹകാര്‍മ്മികരായിരുന്നു. ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാദർ സുനി തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിൻ്റെയും വിശുദ്ധ അന്തോണീസിൻ്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്ന ഹൃദ്യമായ തിരുനാൾ പ്രദക്ഷിണം നടന്നു. ഫാദർ അജൂബ് തോട്ടനാനിയിൽ പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നൽകി. തുടർന്ന് വിശ്വാസികൾക്കായി അടിമ വയ്ക്കുന്നതിനും കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർത്ഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു. തിരുനാളിനോട് അനുബന്ധിച്ച്, ‘വാഴ്‌വ് 2026’ സ്നേഹദീപ പ്രയാണത്തിന് മിഷൻ അംഗങ്ങൾ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ഇതോടൊപ്പം സെപ്റ്റംബർ 26-ന് ബർമിംഹാമിൽ വെച്ച് നടത്തപ്പെടുന്ന ‘വാഴ്‌വ് 2026’ കുടുംബസംഗമത്തിന്റെ പ്രവേശന പാസ്സ് കിക്കോഫും പ്രൗഢിയോടെ നിർവ്വഹിക്കപ്പെട്ടു. തുടർന്ന് അരങ്ങേറിയ തെക്കൻസ് വാദ്യമേളവും, വിവിധങ്ങളായ ഗെയിംസുകളും, ഫുഡ് സ്റ്റാളുകളും, കലാസന്ധ്യയും (Cultural Programmes) ഏവർക്കും ആസ്വാദ്യകരമായ ഗൃഹാത്വരത്വം ഉണർത്തുന്ന അനുഭവമായി മാറി. തിരുനാളിനെത്തിയ എല്ലാവർക്കുമായി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

പിറ്റേദിവസം ജൂൺ 14 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന മരിച്ചവരുടെ ഓർമ്മദിനമായി ആചരിച്ചു. ഫാ. ബിനീഷ് മാങ്കോട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട് കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് ഔദ്യോഗികമായി പരിസമാപ്തിയായി. തിരുനാളിന് മുന്നോടിയായി 46 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്. അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവർക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ നന്ദി പ്രകാശിപ്പിച്ചു. തിരുനാള്‍ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോൻ ഒറവണക്കളം എന്നിവർ നേതൃത്വം നൽകുകയും ഏവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വലിയ സാന്നിധ്യവും പ്രാര്‍ത്ഥനകളും മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതായിരുന്നു എന്ന് തിരുനാൾ കമ്മിറ്റി വിലയിരുത്തി.

Previous articleന്യൂയോർക്ക്: ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്) | Live Wake & Funeral Services Available
Next articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവക കൂടാരയോഗ വാർഷികവും, അവാർഡ് വിതരണവും നടത്തി

Leave a Reply