Home ഇന്ത്യൻ വാർത്തകൾ കോട്ടയം രൂപതയുടെ ‘അലങ്കാരപ്പള്ളി’യുടെ ചരിത്രം ഇനി ചിന്തുപാട്ടിലൂടെ ; ചരിത്രഗാനം പുറത്തിറങ്ങി

കോട്ടയം രൂപതയുടെ ‘അലങ്കാരപ്പള്ളി’യുടെ ചരിത്രം ഇനി ചിന്തുപാട്ടിലൂടെ ; ചരിത്രഗാനം പുറത്തിറങ്ങി

234
0

കോട്ടയം : ഒറ്റ രാത്രി കൊണ്ട് പണിതുയർത്തിയെന്ന ചരിത്രപ്പെരുമയുള്ള ദേവാലയത്തിന്റെ വിശ്വാസതീക്ഷ്ണമായ നാൾവഴികൾ ഇനി നാടൻ ചിന്തുപാട്ടിലൂടെ തലമുറകളിലേക്ക്. കോട്ടയം രൂപതയുടെ ‘അലങ്കാരപ്പള്ളി’ എന്നറിയപ്പെടുന്ന ഇടവക ദേവാലയത്തിന്റെ ത്യാഗോജ്ജ്വലമായ പൈതൃകവും ആത്മീയ വളർച്ചയും ദൃശ്യാവിഷ്കരിച്ച ചരിത്രഗാനമാണ് പുറത്തിറങ്ങിയത്.
ദേവാലയത്തിന്റെ 75-ാം ജൂബിലിയുടെയും ശതാബ്ദി ജൂബിലിയുടെയും സ്മരണികകളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രാമാണിക ചരിത്രരേഖകളെ ആധാരമാക്കിയാണ് ഗാനം രചിച്ചിരിക്കുന്നത്. പള്ളിയുടെ ചരിത്രവിവരങ്ങൾ പ്രാദേശിക തലത്തിൽ സമാഹരിച്ച് രേഖപ്പെടുത്തിയ പരേതനായ തോമസ് പറപ്പള്ളിലിന്റെ ചരിത്രസ്മരണകളാണ് ഇതിന്റെ ഉള്ളടക്കത്തിന് കരുത്തുപകർന്നത്. ഏവർക്കും എളുപ്പത്തിൽ പാടിപ്പതിയാവുന്ന പരിചിതമായ നാടൻ ചിന്തുപാട്ട് ശൈലിയിലാണ് ഗാനത്തിന്റെ ആലാപനം ക്രമീകരിച്ചിരിക്കുന്നത്. ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ മാർഗനിർദേശത്തിലും ഫാ. തോമസ് കോട്ടൂരിന്റെ ചരിത്രാവലോകനത്തിലും തയ്യാറാക്കിയ ഗാനത്തിന് ഗായകൻ സിജിൻ ഒളശ്ശ വരികളും ഈണവും നൽകി ശബ്ദ സാന്നിധ്യമായി. വികാസ് കടുതോടിൽ ശേഖരിച്ച പഴയകാല അപൂർവ ചിത്രങ്ങൾക്ക് പുറമെ, നിർമിതബുദ്ധിയുടെ (AI) നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സിബി അലക്സ് മൂലയിലാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചത്. വിശ്വാസവും പാരമ്പര്യവും വരുംതലമുറകളിലേക്ക് സംവദിക്കുന്ന ഈ ചരിത്രഗാനം ഇടവകാംഗങ്ങൾക്കും വിശ്വാസസമൂഹത്തിനും സമർപ്പിച്ചു

Previous articleമാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാടിന്റെ ആദരം
Next articleUKKCA കലാമേളയിൽ ലെസ്റ്റർ യൂണിറ്റ് ഓവറോൾ ചാമ്പ്യൻ

LEAVE A REPLY