Home അമേരിക്കൻ വാർത്തകൾ കോയമ്പത്തൂർ അസീസി സ്നേഹാലയത്തിൽ സ്നേഹാഘോഷമൊരുക്കി ചിക്കാഗോ സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ്

കോയമ്പത്തൂർ അസീസി സ്നേഹാലയത്തിൽ സ്നേഹാഘോഷമൊരുക്കി ചിക്കാഗോ സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ്

142
0

ചിക്കാഗോ : എച്ച്‌ഐവി/എയ്ഡ്സ് ബാധിതരായ കുട്ടികൾക്കും താമസക്കാര്ക്കും സന്തോഷവും ആശ്വാസവും പകരുന്ന സ്നേഹനിമിഷങ്ങൾ സമ്മാനിച്ച്, കോയമ്പത്തൂർ അസീസി സ്നേഹാലയത്തിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഈ സന്നദ്ധ പ്രവർത്തനം. “Share with Joy, Prayer with Care” എന്ന പേരിൽ മാസങ്ങളായി സെൻമേരിസ് ഇടവകയിൽ നടന്നു വരുന്ന ജന്മദിന ചാരിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്നേഹാലയത്തിലെ കുട്ടികൾക്കായി വാർഷിക ജന്മദിനാഘോഷം ഒരുക്കിയതോടെ, അവർക്കൊരു മറക്കാനാവാത്ത അനുഭവമായി ഈ ദിവസം മാറി. വിഭവസമൃദ്ധമായ ഉച്ചയൂണും സമ്മാനങ്ങളും പങ്കുവെച്ച്, പങ്കെടുത്തവർ സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥം പകർന്നു.

2004-ൽ ആരംഭിച്ച അസീസി സ്നേഹാലയം, കോൺവെൻച്വൽ ഫ്രാൻസിസ്കൻ ഫ്രയേഴ്സ് നയിക്കുന്ന ഒരു കരുണാഭവനമാണ്. കുടുംബത്തിലും സമൂഹത്തിലും നിന്ന് ഒറ്റപ്പെട്ട എച്ച്‌ഐവി/എയ്ഡ്സ് ബാധിതർക്കായി താമസം, ചികിത്സ, കൗൺസിലിംഗ് തുടങ്ങിയ സമഗ്ര സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കുട്ടികളുൾപ്പെടെ 60 പേർക്ക് വരെ താമസസൗകര്യമുള്ള ഈ കേന്ദ്രം, കോയമ്പത്തൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്തോടൊപ്പം ജീവിക്കുമ്പോൾ, അവരിൽ പലരും നേരിടുന്നത് സാമൂഹിക അവഗണനയും ഒറ്റപ്പെടലുമാണ്. പ്രത്യേകിച്ച് കുട്ടികൾക്കായുള്ള പരിചരണ സംവിധാനങ്ങൾ കുറവായ സാഹചര്യത്തിൽ, അസീസി സ്നേഹാലയം പോലുള്ള കേന്ദ്രങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണ്.

ഇതിനോടനുബന്ധിച്ച്, ഏപ്രിൽ 26-ന് ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും സംഘടിപ്പിച്ചു. ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ സ്പിരിച്ചൽ ഡയറക്ടറും അസിസ്റ്റൻറ് വികാരിയുമായ ഫാദർ അനീഷ് മാവേലി പുത്തൻപുരയുടെ നേതൃത്വത്തിൽ നടന്ന ശുശ്രൂഷയിൽ, ഏപ്രിൽ മാസം ജന്മദിനം ആഘോഷിക്കുന്ന ഇടവകാംഗങ്ങളെയും സ്നേഹാലയത്തിലെ കുട്ടികളെയും പ്രത്യേകമായി അനുസ്മരിച്ചു. തുടർന്ന് ബർത്ത് ഡേ ആഘോഷിക്കുന്ന കുട്ടികൾ ഒന്നുചേർന്ന കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സ്നേഹവും ,പ്രാർത്ഥനയും ,പങ്കിടലും മുഖ്യമായ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ഈ പ്രവർത്തനം, ദൂരങ്ങളെയെല്ലാം മറികടന്ന് മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഉദാത്ത മാതൃകയാണെന്നും ഈസ്റ്റർ നോടനുബന്ധിച്ച് ഇങ്ങനെയൊരു പ്രോജക്ട് വഴി ഞങ്ങളുടെ കുട്ടികളെ സ്നേഹിക്കുകയും കരുതലോടെ കാണുകയും പ്രത്യേക ആഘോഷം ഒരുക്കുകയും ചെയ്തതിനുള്ള നന്ദിയും പ്രത്യേക അഭിനന്ദനവുo സ്നേഹാലയത്തിന്റെ ഡയറക്ടർ ഫാദർ ഗിൽസ് വിളിയാന ഇടവക വികാരി ഫാദർ സിജു മുടക്കോടിനെയും മിഷൻ ലീഗ് ഭാരവാഹികളെയും അറിയിച്ചു.

Previous articleപിറവം: മണക്കുന്നേല്‍ റോക്‌സ് എം. ജെ | Live Funeral Telecast Available
Next articleകുറുപ്പന്തറ: ഞരളക്കാട്ട്തുരത്തില്‍ ചിന്നമ്മ ജോസ്

Leave a Reply