ബിലാത്തിയിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതനപ്പാട്ടിന്റെ താളവും പിടിക്കുന്നു…..
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ നടുമുറ്റത്ത് ഇനി മുഴങ്ങാൻ പോകുന്നത് ആർപ്പുവിളികളും കുട്ടനാടൻ ഈരടികളും!
പശ്ചിമേഷ്യയിൽ നിന്ന് ആദ്യം പായ്ക്കപ്പലിൽ വന്നിറങ്ങിയ കൊടുങ്ങല്ലൂരുനിന്നും മദ്ധ്യകേരളത്തിൻ്റെ പല ഭാഗങ്ങളിലേക്ക് ചേക്കേറിയ ക്നാനായക്കാരുടെ ആദ്യതലമുറയെ, ആ നാടുകളിലേയ്ക്ക് നയിച്ചത് പുഴകളും നദികളുമായിരുന്നു എന്നത് ചരിത്രമാണ്. ആക്കാലത്ത് വഞ്ചിയിൽ യാത്ര ചെയ്തെത്താൻ കഴിയുന്ന പല നാടുകളും അന്ന് മുതൽ ക്നാനായക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളായി മാറിയതും അങ്ങനെ തന്നെ. കുമരകം, കണ്ണങ്കര,കടുത്തുരുത്തി, പിറവം, പുന്നത്തറ, നീണ്ടൂർ,കല്ലറ, കൈപ്പുഴ, ചുങ്കം, താഴത്തങ്ങാടി എന്നിങ്ങനെയുള്ള ഉദാഹരണങ്ങൾ നിരവധി.
തെക്കുംഭാഗ സമുദായചരിത്രത്തിൻ്റെ ഭാഗമായ ജലയാന യാത്രകളുടെ ഓർമ്മ പുതുക്കലിന്റെ പ്രതിഫലനമായി മാറുകയാണ് ബർമ്മിങ്ങ്ഹാമിലെ Royal Girls എന്ന ക്നാനായ വനിതാക്കൂട്ടായ്മ…
യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 ലെ വള്ളംകളിയിൽ പങ്കെടുക്കാൻ യു.കെയുടെ പല ഭാഗങ്ങളിൽ നിന്നും വനിതാ ടീമുകൾ ആവേശപൂർവ്വമായ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
കന്നി യങ്കത്തിൽ തന്നെ, ഹാട്രിക് മോഹവുമാഎത്തിയ സ്‌കൻതോർപ്പിന്റെ പെൺ കടുവകളെ അതി വാശിയേറിയ മത്സരത്തിലൂടെ തോൽപ്പിച്ച് അട്ടിമറി വിജയം കാഴ്ച്ചവച്ച ടീം ആണ് Royal Girls ബർമ്മിങ്ങ്ഹാം, കഴിഞ്ഞ വർഷത്തെ ഗംഭീര വിജയം ആവർത്തിക്കാനുള്ള കടുത്ത പ്രാക്ടീസുമായാണ് ടീം റോയൽ Girls റോതർഹാമിലേക്ക് ഇത്തവണ എത്തുന്നത്.
ആലപ്പുഴയിലെ നെഹൃ ട്രോഫിയിൽ ഉൾപ്പടെ കേരളത്തിലെ ഒരുപാട് ജലോത്സവങ്ങളിൽ വിജയത്തിൻ്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ള ജോമോൻ കുമരകമാണ് ഈ വർഷവും ടീമിനെ പരിശീലിപ്പിച്ചൊരുക്കുന്നത്. അലീന സജി രാമച്ചനാട്ടിന്റെ നേതൃത്വത്തിലുള്ള റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം ടീമിന്റെ പരിശീലനത്തുഴച്ചിൽ ഓഗസ്റ്റ് 15 ന് ആവേശത്തോടെ സമാരംഭിച്ചു.
കുട്ടനാടൻ വള്ളംകളിപരിശീലനക്കളരികളുടെ ചിട്ടവട്ടങ്ങളോടെ ആരംഭിച്ച പരിശീലനത്തിൽ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ വള്ളം വെഞ്ചരിച്ച് പ്രാർത്ഥിക്കുകയും ടീം അംഗങ്ങൾക്ക് പ്രാർത്ഥനാമംഗളങ്ങൾ നേരുകയും ചെയ്തു. ഒന്നാം തുഴക്കാരായ അഞ്ചു സാജൻ, അലോണ ഷോണി എന്നിവർ ആദ്യ തുഴ C L ജോസ്, ആൻസി ജോസ്. ചീനോത്ത്, മേരി മാത്യു പറക്കാട്ട് എന്നിവരിൽനിന്നും ഏറ്റുവാങ്ങി.
ടീം ക്യാപ്റ്റൻ അലീന സജി വള്ളത്തിൻ്റെ താളോപകരണം (ട്രമ്പറ്റ്) തോമസ് മാത്യു മേഴ്‌സി തോമസ് (ഓണശ്ശേരിൽ) ദമ്പതികളിൽ നിന്നും ടീം മാനേജർ ജോമോൻ കുമരകം
സുനിൽ പല്ലാട്ടുമഠത്തിൽ നിന്നും ഏറ്റുവാങ്ങി. വള്ളത്തിൻ്റെ അമരം നിയന്ത്രിക്കുന്ന ജാക്ക് ഡൊണാൾഡ് ഫാ ഷഞ്ചു കൊച്ചുപറമ്പിൽ നിന്നും പങ്കായം സ്വീകരിച്ചു.
റോയൽ 20 ബെർമിംഗ്ഹാം ടീമിന്റെ മുൻ ക്യാപ്റ്റൻ ബെന്നി മാവേലിയിൽ ടീം അംഗങ്ങൾക്ക് ആശംസകൾ നേരുകയും , ജിൽസ് (മോളീസ് ഫ്യൂഷൻ)ന്റെ ആതിഥേയത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
സോയിമോൻ പെരുന്നിലം (തെക്കൻസ് – സെവൻസ് ട്രേഡിങ്ങ് ലിമിറ്റഡ്) ആണ് ടീമിൻ്റെ മുഖ്യ സ്പോൺസർ.
കഴിഞ്ഞ വർഷങ്ങളിൽ പൊരുതി നേടിയ കേരള പൂരം ട്രോഫി ഇത്തവണയും കഠിനപരിശീലനത്തിലൂടെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള അക്ഷീണശ്രമത്തിലാണ്. ജോമോൻ കുമരകത്തിന്റെയും അലീന സജി രാമച്ചനാട്ടിന്റെയും നേതൃത്വത്തിലുള്ള ഈ ക്നാനായ മങ്കകൾ!













