കോട്ടയം യു.ജി.സി യുടെ 4- ഘട്ട നാക് അക്രഡിറ്റേഷനില്‍ കോട്ടയം ബി.സി.എം കോളേജ് 3.46 എന്ന ഉന്നതമായ സ്കോറോടുകൂടി ‘A+’ ഗ്രേഡ് നേടി. നാക് അക്രഡിറ്റേഷനില്‍ കോട്ടയം ജില്ലയിലെ വനിതാ കലാലയങ്ങളില്‍ ഏറ്റവും മികച്ച ഗ്രേഡ് ഇപ്പോള്‍ ബി.സി.എം കോളേജിനാണുള്ളത്. ജില്ലയിലെ എയ്‍ഡഡ് കോളേജുകളില്‍ 3-ാം സ്ഥാനവും ബി.സി.എം കോളേജിനാണ്. പാഠ്യപദ്ധതി, പഠനപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, ഭൌതികസംവിധാനങ്ങള്‍, ഭരണസംവിധാനം, അധ്യാപകവിദ്യാര്‍ത്ഥി ബന്ധങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ വിലയിരുത്തിയാണ് കോളേജിന് ഗ്രേഡ് നല്‍കുന്നത്. ഒന്നാം ഘട്ടം മുതല്‍ 4-ാം ഘട്ടം വരെ ക്രമമായ മുന്നേറ്റത്തിലൂടെയാണ് അക്ഷര നഗരിയുടെ അഭിമാനമായി വളരാന്‍ ഈ കലാലയത്തിനു കഴിഞ്ഞത്. മാനേജ്മെന്‍റും അധ്യാപക-അനധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വാധ്യാപകരും അഭ്യുദയകാംക്ഷികളും ഉള്‍ക്കൊള്ളുന്ന ബി.സി.എം കുടുംബകൂട്ടായ്മയുടെ ഫലമാണ് ഈ വിജയം.
കോളേജിന്‍െറ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെയും അത്യാധുനിക സൌകര്യങ്ങളുള്ള സെന്‍ട്രല്‍ ലൈബ്രറി, എഡ്യൂക്കേഷണല്‍ തിയേറ്റര്‍, ആംഫി തിയേറ്റര്‍, റെക്കോര്‍ഡിംഗ് സ്ററുഡിയോ (ഓഡിയോ & വീഡിയോ) സെമിനാര്‍ ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയ ഭൌതിക സംവിധാനങ്ങളെയും നാക് പിയര്‍ ടീം പ്രത്യേകം അഭിനന്ദിച്ചു. ആസ്സാമിലെ മാധവ് ദേബ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ദിബാകര്‍ ചന്ദ്ര ദേഖ, കര്‍ണ്ണാടക തുങ്കൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. നൂര്‍ അഫ്സ, മുംബൈയിലെ എല്‍.ജെ.എന്‍.ജെ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സ്മൃതി ഭോസ് ലെ എന്നിവരായിരുന്നു നാക് പിയര്‍ ടീം അംഗങ്ങള്‍.
വിലയിരുത്തല്‍ പ്രക്രിയയ്ക്ക് കോളേജ് മാനേജര്‍ ഫാ. അലക്സ് ആക്കപ്പറമ്പില്‍, അതിരൂപതാ കോളേജ് വിദ്യാഭ്യാസകാര്യ സെക്രട്ടറിയും കോളേജ് ബര്‍സാറുമായ ഫാ. ഫില്‍മോന്‍ കളത്ര, പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റിഫി തോമസ്, അക്കാദമിക് ഡയറക്ടര്‍ ഡോ.ടി.എം ജോസഫ് തെക്കുംപെരുമാലില്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പ്രിയ തോമസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അന്നു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.











