ലിവർപൂളിൽ യൂറോപ്പിലെ ആദ്യ ദേവാലയം സ്വന്തമാക്കി ക്നാനായക്കാർ , സെൻ്റ് പയസ് ടെൻത് മിഷൻ്റെ നവീകരിച്ച വൈദിക ഭവനത്തിൻ്റെ വെഞ്ചരിപ്പ് കർമ്മങ്ങൾ വർണ്ണാഭമായി
ലിവർപൂൾ: സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ രൂപത നൽകിയ ദേവാലയവും വൈദിക ഭവനവും ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മമാണ് ദുഖ്റാന തിരുനാളിനോടനുബന്ധിച്ച് ജൂലൈ മൂന്നാം തീയതി ചൊവ്വാഴ്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചത്. യുകെ യുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദീകർ വെഞ്ചരിപ്പ് ചടങ്ങുകൾക്ക് സഹകാർമികരായി.
2025 ജൂലൈ മൂന്നിന് ഔവർ ലേഡി ഒഫ് വാൽസിംഗ്ഹാം ദേവാലയത്തിൽ വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനയെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ ( st Pius X Presbutery , Litherland ) വെഞ്ചരിപ്പ് കർമ്മം നടന്നത്. യുകെയിലെ ക്നാനായ സമൂഹത്തിൻ്റെ പതിനഞ്ചു മിഷനുകൾക്കും സ്വന്തമായ ദേവാലയമെന്നതാണ് തൻ്റെ ആഗ്രഹമെന്നും അതിനു വേണ്ടിയുള പരിശ്രമങ്ങൾക്ക് തൻ്റെ പൂർണ്ണമായ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ തൻ്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ക്നാനായ മിഷൻ കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതവും കൈക്കാരന്മാരുടെ പ്രതിനിധി ജോയി പാവക്കുളം നന്ദിയും പറഞ്ഞു.
നാനൂറിലേറെ പേർക്ക് ഒരേ സമയം തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന ദേവാലയവും. മൂന്നൂറിലേറെ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളും വൈദിക ഭവനവും ഉൾപ്പെടുന്ന പ്രോപ്പെർട്ടിയാണ് ക്നാനായ സമൂഹത്തിനായി ലഭ്യമായിരിക്കുന്നത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി സെപ്റ്റംബർ മാസം ഇരുപതാം തിയതി ദേവാലയത്തിൻ്റെ വെഞ്ചരിപ്പു കർമ്മങ്ങൾ വിപുലമായി നടത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിർവാദങ്ങളോടെ ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനുമായി യുകെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍ . ഒഴുകയിൽ, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെയും ആശയവിനിമയങ്ങളുടേയും ശ്രമഫലമായിട്ടാണ് മനോഹരമായ ദൈവാലയവും സൗകര്യപ്രദമായ ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്.
വൈദിക ഭവന വെഞ്ചിരിപ്പിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് ക്നായായക്കാരാണ് വെഞ്ചരിപ്പ് കർമ്മത്തിന് സാക്ഷികളാകാനെത്തിച്ചേർന്നത്.












