തെള്ളകം: ഫെഡറൽ ബാങ്ക് ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന ‘സഞ്ജീവനി’ എന്ന പദ്ധതിയിൽ പങ്കാളികളാകുന്ന ഇന്ത്യയിലെ മൂന്ന് ആശുപത്രികളിൽ ഒന്നായി കോട്ടയം കാരിത്താസ് ആശുപത്രിയും. ഈ പദ്ധതിയിലൂടെ കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം. കാരിത്താസിൽ ചികിത്സയിൽ ആയിരിക്കുന്ന അർഹതപ്പെട്ട 750 കാൻസർ രോഗികൾക്ക് ഒരാൾക്കു 20,000 രൂപ വീതം ഇളവ് നൽകാനാണ് ലക്ഷ്യമിടുന്നത്. രോഗനിർണ്ണയം, കാൻസർ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടെയുള്ള ഏത് ചികിത്സയ്ക്കും ഈ ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാർച്ച് 31 വരെ നീളുന്ന ഈ പദ്ധതിയിൽ ഇതുവരെ ഏറെ ആളുകൾക്ക് സഹായം എത്തി കഴിഞ്ഞു.
കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർ റവ. ഡോ. ജോയ്‌സ് നന്ദിക്കുന്നേൽ, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ബോബൻ തോമസ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഫിനാൻസ് ജ്യോതിഷ് കുമാർ ഇ. വി., എന്നിവരും ഫെഡറൽ ബാങ്കിൽ നിന്ന് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ(കോട്ടയം) നിഷ കെ ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്- റീജിയണൽ ഹെഡ് (കോട്ടയം) ജയചന്ദ്രൻ കെ ടി, അസോസിയേറ്റ് വൈസ് പ്രസിഡന്റ്- സോണൽ എച്ച്‌ആർ (കോട്ടയം) നെബിൻ വി ജോസ്, സീനിയർ മാനേജരും ബ്രാഞ്ച് ഹെഡുമായ (തെള്ളകം ബ്രാഞ്ച്) അരുൺ ജൂഡ് ഡൊമിനിക് എന്നിവരും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കാൻസർ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ കാലഘട്ടത്തിൽ സാമ്പത്തിക പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും, ഈ പദ്ധതിയിലൂടെ കൂടുതൽ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കട്ടെയെന്നും കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഈ പദ്ധതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനും 9497713593 എന്ന നമ്പറിൽ വിളിക്കുക.











