മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍വച്ച് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലോഗോ പ്രകാശനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. അതിരൂപൂതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, വിസിറ്റേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്.വി.എം, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ നിയുക്ത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ജൂബിലിയുടെ ഭാഗമായി അര്‍ഹതപ്പെട്ട 25 കുടുംബങ്ങള്‍ക്ക് അതിരൂപതയുടെ നേതൃത്വത്തില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. കോട്ടയം അതിരൂപതയിലെ പയസ്‌ടെന്‍ത് മിഷനറി സൊസൈറ്റിയിലെ വൈദികരുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ നടത്തിവരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സമഗ്രവളര്‍ച്ചയ്ക്കാവശ്യമായ സംവിധാനങ്ങളും സംലഭ്യമാക്കും. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം തുടര്‍ച്ചയായി അഞ്ച് വര്‍ഷക്കാലം ലഭ്യമാക്കുന്ന മാര്‍ മാത്യു മൂലക്കാട്ട് പിതാവ് കാരുണ്യവര്‍ഷമായിരുന്ന 2016 ല്‍ തുടക്കം കുറിച്ച കാരുണ്യദീപം പദ്ധതി കൂടുതല്‍ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കാന്‍ ഉതകുന്ന രീതിയില്‍ കാരിത്താസ് ആശുപത്രിയിലൂടെ പ്രതിവര്‍ഷം 500 ഡയാലിസിസുകള്‍ അടുത്ത പത്തുവര്‍ഷക്കാലം സാമ്പത്തികപരിമിതിയുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.











