1911 ല്‍ സ്ഥാപിതമായ കോട്ടയം വികാരിയാത്ത് 1923 ഡിസംബര്‍ 21 ന് രൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ ശതാബ്ദി ആചരണം ഡിസംബര്‍ 21 വ്യാഴാഴ്ച കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയില്‍ അള്‍ജീരിയ ടുണീഷ്യ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, പൂനെ-കട്കി മലങ്കര കത്തോലിക്കാ ഭദ്രാസനത്തിന്റെ നിയുക്ത മെത്രാന്‍ മാര്‍ മത്തായി കടവില്‍, കോട്ടയം അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. സമര്‍പ്പിത അല്‍മായ പ്രതിനിധികള്‍ കൃതജ്ഞതാബലിയില്‍ പങ്കുചേരും. കൃതജ്ഞതാബലിയെതുടര്‍ന്ന് അതിരൂപതയിലെ സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ സന്ദേശം നല്‍കും. പതിനൊന്നാം പിയൂസ് മാര്‍പ്പാപ്പയാണ് റൊമാനി പൊന്തിഫിച്ചേസ് എന്ന തിരുവെഴുത്തുവഴി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതും കോട്ടയം വികാരിയാത്തിനെ രൂപതയായി ഉയര്‍ത്തിയതും.
Home ഇന്ത്യൻ വാർത്തകൾ കോട്ടയം വികാരിയാത്ത് രൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ ശതാബ്ദി ആചരണം ഡിസംബര്‍ 21 വ്യാഴാഴ്ച











