കോതനല്ലൂര്‍ : കേരളസഭാ നവീകരണകാലഘട്ടവുമായി ബന്ധപ്പെട്ട് ‘ദിവ്യകാരുണ്യത്തിലൂടെ ജീവിതനവീകരണം’ എന്ന ആപ്തവാക്യവുമായി നടത്തപ്പെട്ട ഇരുപതാമത് തുവാനീസ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. മൂന്നാം ദിവസമായ ഇന്നലെ രാവിലെ 10 മണിക്ക് അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ അതിരൂപത സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. ഷെക്കെയ്ന മിനിസ്ട്രി എം.ഡി ബ്രദര്‍ സന്തോഷ് കരുമാത്ര വചനശുശ്രൂഷകള്‍ക്കും ഫാ. ജിബില്‍ കുഴിവേലില്‍ അഭിഷേക ആരാധനയ്ക്കും നേതൃത്വം നല്‍കി. ഇടവക ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും ദിവ്യകാരുണ്യ ആരാധനകളും ജാഗരണ പ്രാര്‍ത്ഥനകളും ഊര്‍ജ്ജിതമാക്കണമെന്നും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ദിവ്യകാരുണ്യമാണെന്നും ബ്ര. സന്തോഷ് കുമാത്ര പങ്കുവച്ചു.ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമാപനാശീര്‍വ്വാദം നല്‍കി. കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെയും അതിരൂപതയിലെ വിവിധ കമ്മീഷനുകളുടെയും ഇടവകകളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ത്രിദിന ദിവ്യകാരുണ്യ ബൈബിള്‍ കണ്‍വന്‍ഷനില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.











