കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച് അടുത്ത ഒരു വര്‍ഷക്കാലം കോട്ടയം അതിരൂപതയിലെ ഇടവകകളോടനുബന്ധിച്ച് നടപ്പിലാക്കുന്ന സമഗ്ര കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്ത് രൂപരേഖ തയ്യാറാക്കുന്നതിനായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കര്‍ഷ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസമിതി ചെയര്‍മാന്‍ എം.സി കുര്യാക്കോസ്, കണ്‍വീനര്‍ എബ്രാഹം തടത്തില്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, വൈസ് പ്രസിഡന്റുമാരായ ടോം കരികുളം, ജോസ് കണിയാപറമ്പില്‍, എ.കെ.സി.സി പ്രതിനിധി സാബു കരിശ്ശേരിക്കല്‍, എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷകര്‍ സമകാലിക സമൂഹത്തില്‍ എന്ന വിഷയത്തില്‍ ഇന്‍ഫാം പാലാ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍ ക്ലാസ്സ് നയിച്ചു. കര്‍ഷകരുടെ കൂട്ടായ മുന്നേറ്റ പ്രവര്‍ത്തനസാധ്യതകളെക്കുറിച്ച് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിഷയാവതരണം നടത്തി. തുടര്‍ന്ന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ഫൊറോന പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഗ്രൂപ്പു ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തെ പ്രവര്‍ത്തന കര്‍മ്മരേഖയ്ക്കു രൂപം നല്‍കി. ഇടവക-ഫൊറോന- അതിരൂപതാ തലത്തില്‍ വിവിധ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.











