Home ഇന്ത്യൻ വാർത്തകൾ മുരളിക്കും കുടുംബത്തിനും തണലൊരുക്കി സൈമൺ കോട്ടൂർ

മുരളിക്കും കുടുംബത്തിനും തണലൊരുക്കി സൈമൺ കോട്ടൂർ

517
0

ജീവിതത്തിന്റെ പ്രഹരങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഏറ്റുവാങ്ങി ദുരിതത്തിന്റെ ഇരുളിൽ തപ്പിത്തടഞ്ഞിരുന്ന ഒരു കുടുംബത്തിന് ഒടുവിൽ സ്നേഹത്തിന്റെയും കരുണയുടെയും വെളിച്ചം പകർന്നെത്തിയത് കുറച്ച് നല്ല മനസ്സുകളാണ്. അകാലത്തിൽ മകനെ നഷ്ടപ്പെട്ട വേദനയും ദാരിദ്ര്യത്തിന്റെ കനത്ത ഭാരവും സുരക്ഷിതമല്ലാത്ത വീടെന്ന യാഥാർഥ്യവും ഒരുമിച്ച് പേറിയ മുരളിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക്, മനുഷ്യസ്നേഹത്തിന് ഇന്നും അതിരുകളില്ലെന്ന് തെളിയിച്ചുകൊണ്ടാണ് സഹായഹസ്തങ്ങൾ നീണ്ടെത്തിയത്. ആ കരുതലിന്റെ ഫലമായാണ് ഇന്ന് അവർക്ക് സുരക്ഷിതമായ ഒരു വീടും അതിലുപരി പുതിയ പ്രതീക്ഷയും സ്വന്തമായിരിക്കുന്നത്.
ജീവിതത്തിന്റെ കനത്ത പരീക്ഷണങ്ങൾക്കിടയിൽ കഴിയുകയായിരുന്ന പന്മന കളരി സ്വദേശിയായ മുരളിയുടെയും കുടുംബത്തിന്റെയും സ്വപ്നമാണ് ഒടുവിൽ സഫലമായത്. വർഷങ്ങളായി അടച്ചുറപ്പുള്ള ഒരു വീടിനായി കാത്തിരുന്ന ഈ കുടുംബത്തിന് മന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടലിലൂടെ പുതിയ ഭവനം സ്വന്തമായി. ഒരു വർഷം മുമ്പ് രോഗബാധിതനായി മരിച്ച മകൻ ശരത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുരളിയുടെ കുടുംബം കഴിയുന്ന വീടിന്റെ ദയനീയാവസ്ഥ മന്ത്രി നേരിൽ കണ്ടത്. ചോർന്നൊലിക്കുന്ന ഷീറ്റുമേഞ്ഞ വീട്, തുണിക്കഷണങ്ങൾ കൊണ്ട് മറച്ച ജനലുകൾ, സുരക്ഷിതമല്ലാത്ത വാതിലുകൾ. ഹൃദയഭേദകമായ ആ കാഴ്ച അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അന്നുതന്നെ ഈ കുടുംബത്തിന് പുതിയൊരു വീട് നിർമിച്ചുനൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആ വാക്കാണ് ഇന്ന് യാഥാർഥ്യമായത്. മന്ത്രിയുടെ സുഹൃത്തും പ്രവാസിയുമായ കോട്ടയം സ്വദേശി സൈമണിന്റെ സാമ്പത്തിക സഹായത്തോടെയാണ് ആ പുതിയ വീട് നിർമിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരി 29-ന് തറക്കല്ലിട്ട വീടിന്റെ താക്കോൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി ഷിബു ബേബി ജോൺ കുടുംബത്തിന് കൈമാറി. 29 വർഷം മുമ്പ് പഞ്ചായത്തിൽ നിന്ന് ലഭിച്ച ചെറിയ ഷീറ്റ് മേഞ്ഞ വീട്ടിലായിരുന്നു മുരളിയും കുടുംബവും താമസിച്ചിരുന്നത്. മരംകയറ്റ തൊഴിലാളിയായിരുന്ന മുരളിക്ക് ജോലിക്കിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതോടെ ഉപജീവനമാർഗം നഷ്ടമായി. പിന്നീട് മൂത്തമകൻ സന്തുവിന്റെ കൂലിവേലയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. തുടർച്ചയായി എത്തിയ ജീവിതത്തിലെ ഈ പ്രതിസന്ധികൾക്കിടയിൽ സുരക്ഷിതമായി തലചായ്ക്കാൻ ഒരു പുതിയ വീട് തരപ്പെട്ടത് തന്നെ ആ കുടുംബത്തിന് വലിയൊരു ആശ്വാസമായെന്ന് പറയാം.
എന്നാൽ പുതിയ വീടിന്റെ സന്തോഷത്തിനിടയിലും ആ കുടുംബത്തെ വേട്ടയാടുന്നത് ഇളയമകൻ ശരത്തിന്റെ ഓർമ്മകളാണ്. പഴയ വീട് പൊളിച്ചുമാറ്റി അതേ സ്ഥലത്ത് നല്ലൊരു വീട് പണിയണമെന്നത് ശരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രോഗം അവനെ അകാലത്തിൽ കവർന്നെടുത്തപ്പോൾ ആ സ്വപ്നവും പാതിവഴിയിൽ നിലച്ചു. ഇന്ന് ആ സ്വപ്നം യാഥാർഥ്യമായെങ്കിലും, അത് കണ്ട് സന്തോഷിക്കാൻ ശരത്ത് ഒപ്പമില്ലെന്ന സങ്കടമാണ് മുരളിയുടെയും ഭാര്യ അംബികയുടെയും കണ്ണുകളെ നനയ്ക്കുന്നത്. “അവൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ വീട് കണ്ടിട്ട് എത്രമാത്രം സന്തോഷിച്ചേനേ…” എന്ന വേദന നിറഞ്ഞ ആ അമ്മയുടെ വാക്കുകൾ ഒരു നൊമ്പരമായ് തന്നെ ഇന്നും തുടരുന്നു.

ഈ സ്നേഹവീടിന് പിന്നിൽ മറ്റൊരു വലിയ മനസ്സുമുണ്ട്. അമേരിക്കൻ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സൈമൺ കോട്ടൂർ (സോമൻ) ആണ് വീടിന്റെ നിർമാണച്ചെലവ് പൂർണമായും ഏറ്റെടുത്തത്. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌ മോൻ മുണ്ടക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം പദ്ധതി പ്രകാരമുള്ള അറുപതാമത്തെ വീടാണ് മുരളിക്കും അംബികയ്ക്കും നൽകിയത്. ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്ന സോമൻ കോട്ടൂർ സമൂഹത്തിന്റെ നന്മയ്ക്കായി നിശ്ശബ്ദമായി കൈത്താങ്ങാകാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്.സ്നേഹദീപം ഭവനപദ്ധതിയിലൂടെ ഇതിനകം നിരവധി നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കിക്കൊടുത്തിട്ടുണ്ട്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലും അകലെയായി മാറിയ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറുന്ന അദ്ദേഹത്തിന്റെ കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും അനേകർക്ക് മാതൃകയാണ്. ഒരു വീട് മാത്രമല്ല, ഒരു കുടുംബത്തിന്റെ ആത്മവിശ്വാസവും ഭാവിയും കൂടിയാണ് അദ്ദേഹത്തിന്റെ സഹായത്തിലൂടെ പുനർനിർമിക്കപ്പെടുന്നത്. കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് മന്ത്രി ഷിബു ബേബി ജോൺ വീടിന്റെ താക്കോൽ മുരളിക്ക് കൈമാറി. താക്കോൽദാന ചടങ്ങിൽ പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് സുഭാഷിണി, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ. വി. ലക്ഷ്മി, ആർ. എൽ. രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീമാർ തങ്കച്ചി, അഡ്വ. ജസ്റ്റിൻ ജോൺ, ആർ. ജയകുമാർ, സി. പി. സുധീഷ് കുമാർ, അൻവർ കാട്ടിൽ, ഷാജു പോരുകര, പാലോട് രമേശ് ബാബു, മനോജ്മോൻ, നിതിൻ കളരി, മഹേഷ് ഗീതാഞ്ജലി, അൻസാരി മാനാംബ്ര, ബിലാൽ പനക്കാട്, ഷീല, വിജയദാസൻ, ഷിബു കളരി, അനീഷ് കളരി എന്നിവരുള്‍പ്പെടെ നിരവധി പേർ പങ്കെടുത്തു. ഒരു കുടുംബത്തിന്റെ കണ്ണീരിനും ദുരിതങ്ങൾക്കും നടുവിൽ പ്രതീക്ഷയുടെ വെളിച്ചമായി ഉയർന്നുനിൽക്കുന്ന ഈ പുതിയ വീട്, കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹരമായ മാതൃക കൂടിയാണ്.

Previous articleബാംഗ്ളൂര്‍ കെ.സി.വൈ.എല്‍ യുവജനദിനാഘോഷം
Next articleവി. പത്താം പീയൂസിന്റെ കബറിടത്തിങ്കല്‍ മാര്‍ മാത്യു മൂലക്കാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു

Leave a Reply