50-ത് വർഷത്തെ മഹത്തായ പ്രവർത്തനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ഇന്ത്യൻ ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി (IKCC NY ) ക്കു ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (KCCNA) യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഈ മഹത്തായ 50 വർഷത്തെ അനുഗ്രഹീതമായ യാത്ര ആഘോഷിക്കുന്ന ഈ സന്തോഷകരമായ അവസരത്തിൽ ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യയ്ക്കു പുറത്തു സ്ഥാപിതമായ ആദ്യ ക്നാനായ കത്തോലിക്ക സംഘടനയായ IKCC NY, നമ്മുടെ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലും ഓരോ പ്രവാസി ക്നാനായക്കാരന്റെയും ഹൃദയങ്ങളിലും പ്രത്യേകമായ അഭിമാന സ്ഥാനമാണ് കൈവരിച്ചിരിക്കുന്നതെന്നു കെ.സി.സി.എൻ.എ. പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൽ ചൂണ്ടിക്കാട്ടി .
IKCC NY വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന് ശക്തമായ അടിത്തറ പാകുകയും KCCNA യുടെ രൂപീകരണത്തിനും നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം ന്യൂയോര്‍ക്കില്‍ IKCC യുടെ നേതൃത്വത്തില്‍ 1986 ജൂലൈ 4 വാരാന്ത്യം ക്‌നാനായ സമൂഹത്തിന്റെ അവിസ്മരണീയമായ ഒരു കണ്‍വെന്‍ഷനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയ ക്‌നാനായ സമുദായത്തിലെ അംഗങ്ങള്‍ ന്യൂയോര്‍ക്കില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം അന്ന് ഉല്‍സാഹത്തിമിര്‍പ്പോടെ ഒത്തുകൂടി. ഈ മഹത്തായ കൺവെൻഷൻ KCCNA യുടെ രൂപീകരണത്തിന് വിത്തു പാകി.1993 ജൂലൈ 24-ന് ന്യൂയോര്‍ക്കില്‍ എല്ലാ ആര്‍ഭാടങ്ങളോടും കൂടി IKCC യുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ നടന്നു. IKCC യുടെ പൂർവ്വിക നേതാക്കളുടെ ദീർഘവീക്ഷണം സമുദായ സ്നേഹം ,കരുതൽ , മനോഭാവം എന്നിവ ഈ ഭൂഖണ്ഡത്തിലെ എല്ലാ ക്നാനായ കത്തോലിക്ക സംഘടനകൾക്കും മാർഗ്ഗദർശനമായി മാറിയിരിക്കുന്നു.
IKCC NYയുടെ സമർപ്പിത നേതാക്കൾ വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹങ്ങൾക്ക് സ്ഥിരമായി മാർഗ്ഗനിർദ്ദേശവും നേതൃത്വവും നൽകിയിട്ടുണ്ട്. ഐക്യം, വിശ്വാസം, പാരമ്പര്യ സംരക്ഷണം എന്നിവയിൽ മാതൃകയായി നിന്നുകൊണ്ട്, തലമുറകളെ പ്രചോദിപ്പിക്കുകയും നമ്മുടെ പ്രിയപ്പെട്ട ക്നാനായ പാരമ്പര്യവും ഐക്യവും വളർത്തിപ്പോറ്റുകയും ചെയ്തു. ഈ സ്വർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ, നിങ്ങളുടെ അതുല്യമായ യാത്രയ്ക്കും നമ്മുടെ സമുദായത്തിൻറെ വളർച്ചക്കും നിലനില്പിനുമായി ചെയ്ത അനവധി സംഭാവനകൾക്കും നന്ദി പറയുന്നു. നമ്മുടെ ക്നാനായ സമൂഹം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത്, നമ്മുടെ പാരമ്പര്യങ്ങളോടും ഐക്യത്തോടുമുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന് ശക്തിയും പ്രചോദനവും നൽകുന്ന ഒന്നാണ്.
ആനന്ദകരവും അനുഗ്രഹപൂർണ്ണവുമായ ജൂബിലി ആഘോഷങ്ങൾ ആശംസിക്കുന്നു!
ജെയിംസ് ഇല്ലിക്കൽ പ്രസിഡന്റ്, ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (KCCNA)
ബൈജു ആലപ്പാട്ട് . KCCNA P.R.O.











