ഫെബ്രുവരി 25, ശനിയാഴ്ച UK യിലെ 15 ക്‌നാനായ കാത്തലിക് മിഷനുകള്‍ ഒന്നു ചേര്‍ന്ന് ബര്‍മിങ്ഹാമില്‍ നടത്തിയ പുറത്തു നമസ്‌കാരത്തില്‍ വച്ച് ഏപ്രില്‍ 29 ന് നടത്തുന്ന കുടുംബ സംഗമം -വാഴ്വ് 2023-ത്തിനുള്ള ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു. ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ കാലങ്ങളായി നടത്തി വരുന്ന പുറത്തു നമസ്‌കാരം ബര്‍മിങ്ഹാമില്‍ ഭക്തിനിര്‍ഭരവും ജനസാന്ദ്രവുമായി നടത്തപ്പെട്ട വേദിയില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടത്തിയത്.
Great Britain Syro Malabar രൂപതയില്‍ ക്‌നാനായക്കാരുടെ ചുമതല വഹിക്കുന്ന വികാരി ജനറാള്‍ ബഹുമാനപ്പെട്ട ഫാ. സജി മലയില്‍ പുത്തന്‍പുരയിലാണ് 9 ക്‌നാനായ വൈദികരുടെയും 500ല്‍ പരം വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ടിക്കറ്റുകള്‍ പ്രകാശനം ചെയ്തത്. വിശ്വാസികള്‍ ഇത് നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. 2023 APRIL 29 ന് UK യിലെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ Audacious Church ല്‍ വച്ചാണ് വാഴ്വ് 2023 നടത്തപ്പെടുന്നത്.കോട്ടയം അതിരൂപത വലിയ മെത്രാപ്പൊലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്ന് UKയിലുള്ള എല്ലാ ക്‌നാനായ മിഷനുകളുടെയും കലാപരിപാടികള്‍ ഈ സംഗമത്തിന് മിഴിവേകും.
UK ക്‌നാനായ മിഷനുകളുടെ ഈ പ്രഥമ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമുദായ അംഗങ്ങള്‍ക്കായി തികച്ചും സൗജന്യമായിട്ടാണ് ടിക്കറ്റുകള്‍ നല്‍കപ്പെടുക എന്ന് സംഘാടക സമിതി അറിയിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഈ സംഗംമത്തിനായി നടന്നു വരുന്നത്. ക്‌നാനായ സമുദായ അഗങ്ങളുടെ കുടുംബ കൂട്ടായ്മയില്‍ തനിമയും, ഒരുമയും, സന്തോഷവും നമ്മുടെ വലിയ പിതാവിനോടും വൈദികരോടുമൊപ്പം പങ്കിടാനും, ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും UK യിലെ എല്ലാ ക്‌നാനായ മക്കളെയും ഏപ്രില്‍ 29 ന് മാഞ്ചസ്റ്ററിലേക്ക് സാദരം ക്ഷണിക്കുന്നു.














