ഒർലാണ്ടോ: സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഈ വർഷത്തെ തിരുനാൾ മഹാമഹം ഭക്തിനിർഭരമായി കൊണ്ടാടി. 9 ദിവസത്തെ എസ്തപ്പാനോസ് പുണ്യവാളന്റെ നൊവേനയോടുകൂടി തുടങ്ങിയ തിരുകർമ്മങ്ങളിൽ ഇടവകാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. ഇടവക വികാരി ഫാദർ ലിജോ കൊച്ചുപറമ്പിൽ ഫെബ്രുവരി 6 നു ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ തിരുനാൾ കൊടിയേറ്റ് നടത്തി. കൊടിയേറ്റിനു ശേഷം നടത്തിയ വിശുദ്ധ കുർബാനയിൽ മരിച്ചുപോയ വിശ്വാസികൾക്ക് വേണ്ടിയുള്ള ഒപ്പീസും പ്രാർത്ഥനകളും നടത്തി. ഫെബ്രുവരി 7 ശനിയാഴ്ചയിലെ തിരുക്കർമങ്ങൾ ഫാദർ നിക്കോളാസ് തലക്കോട്ടൂർ ന്റെ നേതൃത്വത്തിൽ വൈകിട്ട് 5 മണിക്ക് ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം ദൈവാലയത്തിനു ചുറ്റുമായി നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ വിവിധ പ്രദേശങ്ങളിലെ വിശ്വാസികൾ പങ്കെടുത്തു. പ്രദക്ഷിണത്തുലടനീളം ഇടവകയിലെ തന്നെ യുവതീ യുവാക്കൾ നടത്തിയ ചെണ്ടമേളം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പിന്നീട് ഏവരും കാത്തിരുന്ന കരിമരുന്ന് കലാപ്രകടനം അരങ്ങേറി. പത്തുമിനിറ്റോളം നീണ്ടുനിന്ന കരിമരുന്നു പ്രകടനം ഏവരിലും ഗൃഹാതുര സ്മരണകൾ ഉണർത്തി. അതിനെത്തുടർന്ന് ഇടവകാംഗങ്ങൾ ചേർന്ന് ഒരുക്കിയ കൾചറൽ പ്രോഗ്രാം അരങ്ങേറി. കൾച്ചറൽ പ്രോഗ്രാമിന്റെ ഔദ്യോദിക ഉദ്ഘാടനം ഫൊറാന വികാരി ഫാദർ ജോസ് അദ്ദോപ്പിള്ളിൽ, വികാരി ഫാദർ ലിജോ കൊച്ചുപറമ്പിൽ , കാനഡ ലണ്ടൻ വികാരി ഫാദർ സജി ചാഴിശ്ശേരിൽ , കൈക്കാരന്മാരായ ജോസ് ചാമക്കാല , ജോസുകുട്ടി കൂവക്കട, പ്രെസുദേന്തിമാരായ ബിജു പോളക്കൽ , ബിജു കുപ്പെനാനിക്കൽ, സിന്റോ വെട്ടുകല്ലേൽ , മറ്റു കമ്മറ്റികളിലെ നേത്രു നിരയിലുള്ളവർ ഒന്ന് ചേർന്ന് തിരി തെളിയിച്ചു നിർവഹിച്ചു . ജിജോ ചിറയിൽ രചനയും സംവിധാനവും നിർവഹിച്ച “ക്നായി തോമായും കൊച്ചുമക്കളും” എന്ന സ്കിറ് ഏവരേയും ആവേശഭരിതരാക്കി. ക്രിസ കൂവക്കടയും ഏയ്ഞ്ചൽ വെട്ടുകല്ലേലും കൊറിയോഗ്രാഫി നിർവഹിച്ചു അരങ്ങളിലെത്തിച്ച വിവിധ സിനിമാറ്റിക് ഡാൻസുകൾ ഏവർക്കും നവ്യാനുഭവം നൽകി . സ്നേഹ വിരുന്നോടുകൂടി അന്നത്തെ പരിപാടികൾ അവസാനിച്ചു . ആഘോഷമായ തിരുനാൾ റാസ കുർബ്ബാന ഞായറാഴ്ച 10:30 നു ന്യൂയോർക്ക് ഇടവക വികാരി ഫാദർ ജോബി പൂച്ചുകണ്ടത്തിലിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായി അന്തരീക്ഷത്തിൽ നടന്നു. അതിനെത്തുടർന്ന് ദൈവാലയത്തിനു ചുറ്റുമുള്ള പരമ്പരാഗത രീതിയിലുള്ള പ്രദക്ഷിണം നടന്നു. തുടർന്ന് നടന്ന ഏലക്ക മാല ലേലം വിളി വൻ വിജയമായിരുന്നൂ. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ ഈ വർഷത്തെ തിരുനാളിന് കൊടിയിറങ്ങി.
By – ജിജോ ചിറയിൽ












