ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു.വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത്യന്‍ കത്തോലിക്കാ മാനേജ്മെന്റുകളെയും അധ്യാപകരെയും അപമാനിക്കുന്നതുമാണെന്ന് കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി വിലയിരുത്തി. കാലങ്ങളായി കത്തോലിക്കാ മാനേജ്മെന്റുകള്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകളെ തമസ്‌കരിച്ചുകൊണ്ട് ഗൂഢതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മന്ത്രിയുടെ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകണം. അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ മതത്തിന്റെ പേരു പറഞ്ഞ് പ്രതിരോധിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കത്തോലിക്കാ മാനേജ്മെന്റുകള്‍ പാലിച്ച് പോരുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഏതെങ്കിലും മാനേജ്മെന്റുകള്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരം നടപടി എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ എല്ലാവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള മന്ത്രിയും പ്രസ്താവന പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഭിന്നശേഷി വിഷയത്തില്‍ എന്‍.എസ്.എസിനു നു ലഭിച്ച സുപ്രീം കോടതി വിധിയില്‍ സമാന സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാണ് എന്നിരിക്കെ, മറ്റുള്ളവരും സുപ്രീം കോടതിയില്‍ നിന്നും സമാന വിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതല്ല. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത, മനുഷ്യാന്തസ്സിനെ മാനിക്കാത്ത സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
എന്‍.എസ്.എസിന് ലഭിച്ച വിധിയില്‍ രേഖപ്പെടുത്തിയ പ്രകാരം സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഏജന്‍സികള്‍ക്കും സുപ്രീം കോടതി വിധിയുടെ പശ്ചത്തലത്തില്‍ കേരള സര്‍ക്കാരിന് തീരുമാനമെടുക്കാം എന്ന സാമാന്യയുക്തി നിലനില്‍ക്കെ, വിധി നടപ്പിലാക്കുവാന്‍ ആത്മാര്‍ഥതയില്ലാത്തതിനാല്‍, മറ്റു മാനേജുമെന്റുകള്‍ക്ക് ഈ വിധി ബാധകമല്ലെന്ന എ. ജി യുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ വാദം ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. മാത്രമല്ല ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും ക്രിസ്ത്യന്‍ മാനേജ്മന്റ് കണ്‍സോര്‍ഷ്യവും സമാനമായ വിധി നേടിയിട്ടുള്ളതാണ്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന ഖേദകരമാണ്. ജനങ്ങള്‍ക്കു നീതി ലഭ്യമാക്കുവാന്‍ ബാധ്യസ്ഥരായ ഗവണ്‍മെന്റു തന്നെ ഇതിനായി കോടതിയില്‍ പോകണമെന്ന് ശഠിക്കുന്നത് ധിക്കാരമാണെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്. ഓരോ ഫയലും ഓരോ ജീവിതംകൂടിയാണെന്ന് തിരിച്ചറിഞ്ഞ് ജോലി ചെയ്യുന്നതിന് വ്യവസ്ഥ പ്രകാരം അവകാശപ്പെട്ട വേതനം ചോദിക്കുമ്പോള്‍ വിരട്ടാന്‍ വരണ്ട എന്ന തരത്തിലുള്ള മന്ത്രിയുടെ മറുപടി വിഷയത്തെ പരിഹരിക്കാനുള്ള ആത്മാര്‍ഥതയെക്കുറിച്ച് സംശയമുളവാക്കുന്നുണ്ട്. 16000-ത്തോടെ അധ്യാപകരുടെയും, ജീവിതവും ഭാവിയുമാണ് അങ്ങയുടെ മുന്നിലുള്ളതെന്ന വസ്തുതയുടെ ഗൗരവം മനസ്സിലാക്കാന്‍ അങ്ങ് തയ്യാറാകേണ്ടതാണ് . അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സുപ്രീം ഹൈക്കോടതി വിധികള്‍ മാനിച്ചു കൊണ്ട് അധ്യാപക നിമനാംഗീകാരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി ആവശ്യപ്പടുന്നു.
.
അതിരൂപതാ ജാഗ്രതാ സമിതി
കോട്ടയം അതിരൂപത












