അരീക്കര സെന്റ്. റോക്കീസ് ഇടവക ദേവാലയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ പരിപാടികളോടെ ആചരിച്ചുവന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ഇടവക ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പാരിഷ് ഹാളില്‍ വച്ച് നടന്ന പൊതുസമ്മേളനം ഇടവക വികാരി ഫാ. കുര്യന്‍ ചൂഴുകുന്നേലിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍ ഉദ്ഘാടനം ചെയ്തു. അരീക്കര ഇടവകാംഗങ്ങളുടെ സ്‌നേഹവും ഐക്യവും വിളിച്ചോതുന്ന നിരവധിയായ കര്‍മ്മ പരിപാടികളും, ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരുക്കിയ സ്‌നേഹവിരുന്നും, വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ സഹകരണത്തോടെ സ്‌നേഹ ഭവനം പൂര്‍ത്തിയാക്കിയതും എല്ലാം ജൂബിലി ആഘോഷങ്ങളിലൂടെ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ജൂബിലി ആഘോഷ കമ്മിറ്റികളുടെ ജനറല്‍ കണ്‍വീനര്‍ കെ സി എബ്രഹാം കൊണ്ടാടംപടവില്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ്റ്റിമി വില്‍സണ്‍ പുത്തന്‍പുരക്കല്‍ കൃതജ്ഞതയും പറഞ്ഞു. ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കുകയും, കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്ന ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇടവകാംഗങ്ങളുടെ സ്‌നേഹ കൂട്ടായ്മയില്‍ ഒരുക്കിയ സ്‌നേഹവിരുന്ന് ആസ്വദിച്ചതിനുശേഷമാണ് ഇടവകാംഗങ്ങള്‍ എല്ലാവരും വീടുകളിലേക്ക് തിരികെ പോയത്. ബ്രദര്‍ സൈബിന്‍ മരോട്ടികൂട്ടത്തില്‍, ഇടവകയിലെ സിസ്റ്റേഴ്‌സ്, കൈക്കാരന്മാര്‍, മതാധ്യാപകര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, വാര്‍ഡ് ക്യാപ്റ്റന്‍മാര്‍, വിവിധ സംഘടന ഭാരവാഹികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.












