വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ തിരുസഭയ്ക്കു രണ്ടു വിശുദ്ധര്‍ കൂടി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പിയർ ജോർജിയോ ഫ്രസ്സാത്തിയെയും കാർളോ അക്യുട്ടിസിനെയും ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഏകദേശം 70,000 പേരുടെ മുമ്പാകെയായിരിന്നു പ്രഖ്യാപനം. ലാറ്റിന്‍ ഭാഷയിലായിരിന്നു ലെയോ പാപ്പ ഇരുവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ലക്ഷകണക്കിന് ആളുകള്‍ തത്സമയം ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ കാർളോ അക്യുട്ടിസിന്റെ കുടുംബവും സന്നിഹിതരായിരുന്നു. മുൻനിരയില്‍ തന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ആൻഡ്രിയയും അന്റോണിയയും സഹോദരങ്ങളുമുണ്ടായിരുന്നു. കാര്‍ളോയുടെ ഇളയ സഹോദരങ്ങളും ഇരട്ടകളുമായ ഇരട്ടകളായ മിഷേൽ, ഫ്രാൻസെസ്ക എന്നിവരും മാതാപിതാക്കളുടെ ഇരുവശത്തുമായാണ് ഇരിന്നത്. തിരുക്കര്‍മ്മങ്ങളുടെ മധ്യേ വിശുദ്ധ ഗ്രന്ഥം വായന നടത്തിയവരില്‍ കാര്‍ളോയുടെ അനുജനുമുണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷിലാണ് കാര്‍ളോയുടെ ഇളയ സഹോദരന്‍ വായന നടത്തിയത്. സോളമനെപ്പോലെ, യേശുവുമായുള്ള സൗഹൃദവും ദൈവത്തിന്റെ പദ്ധതികൾ വിശ്വസ്തതയോടെ പിന്തുടരുന്നതും മറ്റേതൊരു ലൗകിക ലക്ഷ്യങ്ങളേക്കാളും വലുതാണെന്ന് നവ വിശുദ്ധരായ കാർളോയും പിയർ ജോർജിയോയും മനസ്സിലാക്കിയതായി ലെയോ പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ഇന്ന് നമ്മൾ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും നമ്മുടെ കാലത്തെയും വിശുദ്ധ പിയർ ജോർജിയോയും കാർളോ അക്യുട്ടിസിനെയും നോക്കുന്നു: യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി എല്ലാം നൽകാൻ തയ്യാറാകുകയും ചെയ്തവരാണ് ഇരുവരുമെന്നും പാപ്പ അനുസ്മരിച്ചു. കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്മാരും മെത്രാന്മാരും കൂടാതെ രണ്ടായിരത്തോളം വൈദികരും പാപ്പ അർപ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിന്നു. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും ചടങ്ങിലുണ്ടായിരിന്നു.














