കോട്ടയം: തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 115-ാം അതിരൂപതാതല ആഘോഷങ്ങള്‍ 2025 ഓഗസ്റ്റ് 30 ശനിയാഴ്ച ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടത്തപ്പെടും. രാവിലെ 10 മണിക്ക്് അതിരൂപതാ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കൂരിയാ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, അതിരൂപതയിലെ വൈദികര്‍ മുതലായവര്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. തുടര്‍ന്നു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ സമ്മേളനത്തില്‍ ആദരിക്കുന്നതുമായിരിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും സംഘടനാ പ്രതിനിധികളും ഇടവകകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.












