ഏപ്രിൽ 29 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന യുകെ ക്നാനായ മിഷൻ കുടുംബസംഗമത്തിൽ പാട്ടിന്റെ പാലാഴി തീർക്കാൻ സമുദായത്തിലെ ഗായകപ്രതിഭകൾ ഒരുമിച്ച് ഒരേവേദിയിൽ അണിനിരക്കുന്ന’ക്നാനായ സിംഫണി മേളം’ എന്ന സംഗീത പരിപാടി അണിയിച്ചൊരുക്കിയിരിക്കുന്നു. ചലച്ചിത്ര പിന്നണി ഗായകനും മലയാള ഭക്തി ഗാന രംഗത്തെ അതുല്യ പ്രതിഭയും, നിരവധി ഹിറ്റ് ആൽബങ്ങളുടെ ശിൽപിയുമായ ഭാവഗായകൻ വിൽസൺ പിറവം, മധ്യ കേരളത്തിലെ ക്നാനായ വിവാഹ വേദികളിലെ ഊർജവും ഉന്മേഷവുമായി നിറഞ്ഞാടിയ ജനപ്രിയ ഗായകൻ സിജിൻ ഒളശ്ശ, മലബാറിന്റെ കുടിയേറ്റ മണ്ണിലെ വിവാഹ വേദികളിലും സംഗീത സദസ്സുകളിലും ഗാനാമൃതം ചൊരിഞ്ഞ ഗായക പ്രതിഭ പ്രണവ് ജയിംസ്, നാട്ടിലും യുകെയിലുമായി ഒട്ടനവധി സംഗീത മത്സരങ്ങളിൽ വിജയിയും നിരവധി തവണ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടസ്റ്റ് വിജയിയുമായ പ്രിയാ ജോമോൻ, യുകെയിലെ സംഗീത വേദികളിലെ നിറസാന്നിധ്യവും നിരവധി ആൽബങ്ങൾക്ക് തന്റെ സ്വരമാധുരി പകർന്നു നൽകിയ അനുഗ്രഹിത ഗായികയുമായ ജിഷാ ബിനോയി, അനർഗ്ഗളമായ സംഗീതത്തിന്റെ ശ്രുതിമധുരമായ ആലാപനം കൊണ്ടും സ്വരമാധുര്യം കൊണ്ടും യുകെ മലയാളികളുടെ മനം കവർന്ന ഇളം തലമുറയുടെ പ്രതിനിധിയായ യുവ ഗായിക സൈറാ ജിജോ തുടങ്ങിയവർ അണിനിരക്കുന്ന ക്നാനായ സിംഫണി മേളം വാഴ്‌വിന് കലാ വിസ്മയമൊരുക്കും.













