കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ചൈതന്യ പാര്‍ക്കില്‍ നയന മനോഹര കാഴ്ച്ചയൊരുക്കി വാട്ടര്‍ ഫൗണ്ടൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദവും വിജ്ഞാനവും പകരുന്ന നിരധിയായ ക്രമീകരണങ്ങളാണ് പാര്‍ക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, മുതിര്‍ന്നവരിലും കുട്ടികളിലും ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മഹത്വവും പൗരാണിക തനിമയും പുതുതലമുറയെ പരിചയപ്പെടുത്തുന്ന കാര്‍ഷിക മ്യൂസിയം, കിഡ്‌സ് ബോട്ടിംഗ് സോണ്‍, ബോള്‍ പൂള്‍, വിവിധ നാളുകളെ പ്രതിനിധാനം ചെയ്യുന്ന നക്ഷത്രവനം, സ്റ്റാച്ച്യു പാര്‍ക്ക്, അക്വേറിയം, ചൈതന്യ ഫുഡ് സോണ്‍, പക്ഷിമൃഗാദികളുടെ പ്രദര്‍ശനം, കാര്‍ഷിക നേഴ്‌സറി, മത്സ്യക്കുളം, ഫോട്ടോ ഷൂട്ട് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദര്‍ശകര്‍ക്കായി പാര്‍ക്കിനോട് ചേര്‍ന്ന് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.













