ക്നാനായ കാത്തലിക് മിഷൻ യുകെ യുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് കുടുംബ സംഗമം -വാഴ്‌വ് 2024- ന് ഗംഭീര പരിസമാപ്തി. ഏപ്രിൽ 20, ശനിയാഴ്ച ബർമിംങ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് UK യിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്. ക്നാനായ സമുദായത്തിൻ്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും, ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ പിതാവിന്റെയും സാന്നിധ്യം വാഴ്‌വ് 2024 ന് ആവേശമായി. അഭിവന്ദ്യ പിതാക്കന്മാരെ ചെണ്ടമേളത്തിന്റെയും, സ്കോടിഷ് ബാന്റിന്റെയും, വെഞ്ചാമരത്തിന്റെയും, അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.

പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ പിതാക്കന്മാരോടൊപ്പം യു. കെ യിലെ മുഴുവൻ ക്നാനായ വൈദികരും, ബെൽജിയത്തിൽ നിന്നും വന്ന ഫാ.ബിബിൻ കണ്ടോത്ത്, ജർമ്മനിയിൽ നിന്നും വന്ന ഫാ. സുനോജ് കുടിലിൽ എന്നിവരും സഹ കാർമ്മികരായിരുന്നു.തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ യു. കെ യിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ എബി നെടുവാമ്പുഴ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, അപ്പൊസ്തോലിക് ന്യൂൺഷ്യോ ആയി അൾജീരിയ, ടുണീഷ്യ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, കോട്ടയം അതിരൂപത K C Y L പ്രസിഡൻറ് ജോണീസ് സ്റ്റീഫൻ എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.

ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ choir, ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ ബർമിംങ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി. നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി.വളരെ കൃത്യമായ അച്ചടക്കത്തോടും സാഹോദര്യത്തോടും മികവോടും കണ്ണിന് കുളിർമയും കാതിന് ഇമ്പവും ഏകികൊണ്ട് പരിപാടികളും മറ്റ് കാര്യങ്ങളും ചെയ്യാൻ സാധിച്ചത് സംഘാടക നേതൃത്വത്തിൻ്റെയും വിവിധ കമ്മിറ്റികളുടേയും കഴിവിൻ്റെ മകുടോദാഹരണങ്ങളാണ്. ആത്മീയവും മാനസികവുമായ നിറവിനൊപ്പം പ്രഭാതം മുതൽ പ്രദോഷം വരെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ പാനീയങ്ങൾ യാതൊരു തടസ്സമോ താമസമോ ഇല്ലാതെ നിർല്ലോഭം ഏവർക്കും യഥാസമയം ലഭ്യമാക്കുവാൻ സാധിച്ചു. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്‌വ് 2024 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയും വരും വർഷങ്ങളിലെ വാഴ് വിൽ പങ്കെടുക്കുമെന്ന തീരുമാനത്തോടെയുമാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.















