യു.കെ.യിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ 2024 ഏപ്രില്‍ 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്‌വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യു.കെ.യില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും, കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്‌വ് – 24 യു.കെ. യിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ – പാരമ്പര്യ – പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. യു.കെ. യില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വാഴ്‌വ് – 24 ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും, ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും, പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്‌വ് – 24നെ ഏവരും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു കഴിഞ്ഞു.
യു.കെ.യിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ 2024 ഏപ്രില്‍ 20 ലെ വാഴ്‌വ് – 24ന്‍റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും, കോട്ടയം അതിരൂപതയുടെ തലവനുമായ അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഈ വര്‍ഷവും എത്തുന്നത് എന്നത് വാഴ്‌വ് – 24 നെ പ്രൗഢഗംഭീരമാക്കും. കൂടാതെ അഭി. കുര്യന്‍ വയലുങ്കല്‍ പിതാവ്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യു.കെ. യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.
ഏപ്രില്‍ 20 യു.കെ. യിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്‍റെ ദിനം കൂടിയാണ്. വാഴ്‌വ് എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പരി. കുര്‍ബാനയുടെ ആരാധനയോടെയും, ആശീര്‍വാദത്തോടെയും രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും. 10.30 ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യു.കെ. യിലെ ക്നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യു.കെ. യിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ ശ്രീ. എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും, ക്നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും, സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന ഏപ്രില്‍ 20 ലെ വാഴ്‌വ് – 24-നെ യു.കെ. യിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.













