കോട്ടയം: കാൻസർ ചികിത്സാരംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ച് ഹൈപ്പർ ആർക്ക് ടെക്‌നോളജിയും, സർഫേസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പിയും (SGRT) യും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ True Beam 3.0 റേഡിയേഷൻ തെറാപ്പി സേവനം അവതരിപ്പിച്ചിരിക്കുകയാണ് കോട്ടയത്തെ കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്. അതിനൂതനമായ കാൻസർ പരിചരണം നൽകുന്നതോടൊപ്പം കാരിത്താസിന്റെ ഈ മുന്നേറ്റത്തിലൂടെ രാജ്യത്തെങ്ങും പ്രതീക്ഷയുടെയും, കൃത്യവും ഫലപ്രദവുമായ ചികിത്സയുടെയും കൂടി വഴിയൊരുക്കപ്പെടുക്കുകയാണ്.
കോട്ടയം അതിരൂപതാ സഹായ മെത്രാനും കാരിത്താസ് ആശുപത്രി സഹ-രക്ഷാധികാരിയുമായ മാർ ജോസഫ് പാണ്ടാരശ്ശേരിലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഈ വലിയ നേട്ടത്തിന്റെ ആശീർവാദ ചടങ്ങ് സംഘടിപ്പിച്ചത്. “ഈ നേട്ടം ഏറ്റവും ആവശ്യമുള്ളവർക്ക് സുഖവും പ്രതീക്ഷയും നൽകട്ടെയെന്നും എല്ലായ്‌പ്പോഴും സേവനത്തിന്റെ പ്രഭാകേന്ദ്രമായ കാരിത്താസ് ആശുപത്രിയിലെ ഈ പുതിയ ഉപകരണം വഴി ഏവർക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കാനുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയെ പുനരുദ്ധരിക്കട്ടെയെന്നും ” അദ്ദേഹം ആശംസിച്ചു.
AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രൂ ബീം ടെക്നോളജി വഴി കാൻസർ ചികിത്സാ രംഗത്തു തന്നെ നവീന രീതിയാണ് കാരിത്താസ് അവലംബിക്കുന്നത്. രോഗിയുടെ കാൻസർ കോശങ്ങളും സമീപത്തുള്ള അവയവങ്ങളും മറ്റ് കോശങ്ങളും ദൃശ്യവൽക്കരിക്കാൻ ഇമേജിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു വിപുലീകൃത റേഡിയോ തെറാപ്പി സംവിധാനമാണ് ട്രൂ ബീം 3.0 സാങ്കേതികവിദ്യ. സങ്കീർണ 3D ക്യാമറ ടെക്‌നോളജി ഉപയോഗിച്ചുള്ള സർഫേസ് ഗൈഡഡ് റേഡിയോ തെറാപ്പി (SGRT) കാൻസർ കോശങ്ങളെ കൃത്യമായി ലക്ഷ്യമിടുകയും അവയെ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ അത്യാധുനിക സംവിധാനം കാൻസർ ചികിത്സയുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി കാൻസർ കോശങ്ങളുടെ വ്യാപ്തിയും സ്ഥാനവും കൃത്യമായി നിർണ്ണയിക്കുന്ന ഉയർന്ന കൃത്യതയുള്ള റേഡിയോ തെറാപ്പിയും സാധ്യമാക്കുന്നതാണ്. ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ പങ്കുവഹിച്ചവരുടെ സംഘത്തിൽ പ്രഗൽഭരും കർമ്മനിരതരുമായ ഡോക്ടർമാരാണുള്ളത്. പ്രൊഫ. ഡോ. ജോസ് ടോം (സീനിയർ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്), ഡോ. ഉണ്ണി എസ്. പിള്ള( കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്), ഡോ.ബോബൻ തോമസ് ( കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ), ഡോ.. ജോജോ വി.ജോസഫ് (സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ്), ഡോ. ജോണി കെ. ജോസഫ് (കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്), ഡോ. ജെന്നി ജോസഫ് (കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്), ഡോ. ജൂഡിത്ത് ആരോൺ (കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്), ഡോ. മനു ജോൺ (കൺസൾട്ടന്റ് പാലിയേറ്റീവ് ഓങ്കോളജിസ്റ്റ്) എന്നിവർ അടങ്ങുന്നതാണ് കാരിത്താസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ടീം അംഗങ്ങൾ.
ഈ നൂതന ചുവടുവെപ്പ് ഇന്ത്യയിൽ തന്നെ ആദ്യമായി നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ട്രൂ ബീം 3.0 സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയ റേഡിയോതെറാപ്പി കാൻസർ രോഗികൾക്ക് രോഗത്തെ ചെറുത്തു തോൽപ്പിക്കുവാൻ വലിയ ഊർജ്ജം നൽകുമെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത് പറയുകയുണ്ടായി. ആശുപത്രി ജോയിൻ ഡയറക്ടർമാരായ ഫാ.ജോയ്‌സ് നന്ദിക്കുന്നേൽ, ഫാ. സ്റ്റീഫൻ തേവർപ്പറമ്പിൽ , ഫാ ജിസ്മോൻ മഠത്തിൽ , സീനിയർ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ് പ്രൊഫ. ഡോ. ജോസ് ടോം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











