വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് 1999 ജനുവരി 6-ാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാവുകയും 2006 ജനുവരി 14-ാം തീയതി കോട്ടയം അതിരൂപതാദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുകയും ചെയ്ത മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങള്‍ ജനുവരി 2 ചൊവ്വാഴ്ച കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍. ഉച്ചകഴിഞ്ഞ് 2 മണിക്ക് കൃതജ്ഞതാബലിയില്‍ പങ്കുചേരുന്ന അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ബിഷപ്‌സ് ഹൗസില്‍ ഒരുമിച്ചു ചേര്‍ന്ന് തിരുവസ്ത്രങ്ങള്‍ അണിയും. 2.15 ന് ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ നിന്നും ക്രിസ്തുരാജാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലേക്കുളള പ്രദക്ഷിണത്തിനു തുടക്കമാകും. കത്തീഡ്രലില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ജൂബിലി തിരി തെളിക്കുകയും കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കും. മെത്രാപ്പോലീത്താമാരും മെത്രാന്മാരും സന്യാസ സഭാ സുപ്പീരിയര്‍മാരും വികാരി ജനറാള്‍മാരും വൈദികരും സഹകാര്‍മ്മികരായി പങ്കെടുക്കും.
അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമര്‍പ്പിത സമൂഹങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും പ്രാതിനിധ്യസ്വഭാവത്തോടെ അംഗങ്ങള്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ ഉപവി-സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭാരത കത്തോലിക്ക മെത്രാന്‍സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിക്കും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതവും ഗീവര്‍ഗീസ് മാര് അപ്രേം കൃതജ്ഞതയും അര്‍പ്പിക്കും.
പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍; ജൂബിലിയില്‍ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരുടെയും ഇതര വിശിഷ്ടവ്യക്തികളുടെയും വാഹനങ്ങള്‍ ബി.സി.എം കോളേജിന്റെയും സെന്റ് ആന്‍സ് സ്‌കൂളിന്റെയും മുന്‍വശത്തെ ഗ്രൗണ്ടുകളില്‍ പാര്‍ക്കു ചെയ്യാവുന്നതാണ്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഇടവകകളില്‍ നിന്നും സംഘമായി വലിയ വാഹനങ്ങളിലെത്തുന്നവര്‍ക്ക് കളക്ടറേറ്റില്‍ നിന്നും തിരുനക്കരയിലേക്കുള്ള വഴിയില്‍ ബസേലിയോസ് കോളേജിനു മുന്‍പായി ഇടത്തുവശത്ത് എം.ഡി കൊമേര്‍ഷ്യല്‍ കോംപ്ലെക്‌സിനു സമീപമുള്ള ഗ്രൗണ്ട് മുഖ്യമായും പാര്‍ക്കിംഗിനായി വിനിയോഗിക്കാവുന്നതാണ്. മാര്‍ ഏലിയ കത്തീഡ്രലിന്റെയും ബസേലിയോസ് കോളേജിന്റെയും ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യാവുന്നതാണ്. കൂടാതെ ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച് ഗ്രൗണ്ട് 2.30 നു ശേഷം പാര്‍ക്കിംഗിനായി ലഭ്യമാകും.











