
ചിക്കാഗോ, നവംബർ 6, 2026: കോട്ടയം അതിരൂപതയിലെ വൈദികനും അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിയുമായ റവ. ഫാ. ജോസഫ് മേലേടത്തിന്റെ നിര്യാണത്തിൽ ചിക്കാഗോ സീറോ മലബാർ രൂപതയിലെ ക്നാനായ കത്തോലിക്കാ റീജിയൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കോട്ടയം അതിരൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായ ഫാ. ജോസഫ്, വിവിധ ഇടവകകളിൽ വികാരിയായും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. വൈദികജീവിതത്തിലുടനീളം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പണബോധത്തോടെ പ്രവർത്തിച്ച അദ്ദേഹം നിരവധി പേരുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെയും സേവനത്തിന്റെയും മുദ്ര പതിപ്പിച്ചു.
ടെക്സസിലെ ക്നാനായ സമൂഹത്തിന്റെ മുൻഗാമി
1994-ൽ ഹൂസ്റ്റണിലെത്തിയ ഫാ. ജോസഫ്, അന്ന് ടെക്സസിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ക്നാനായ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിലും സമൂഹത്തെ സംഘടിപ്പിക്കുന്നതിലും നിർണായക നേതൃത്വം നൽകി. ക്നാനായ മിഷൻ ഡയറക്ടറെന്ന നിലയിൽ ഹൂസ്റ്റണിലെയും ഡാളസിലെയും കുടുംബങ്ങളെ ഒന്നിച്ചുചേർത്ത് അവരുടെ ആത്മീയവും സാമൂഹികവുമായ ജീവിതത്തിന് ശക്തമായ അടിത്തറ പാകി.
ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കുന്നതിനൊപ്പം കുടുംബങ്ങൾ തമ്മിലുള്ള കൂട്ടായ്മയും വിശ്വാസബന്ധവും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഇന്ന് ഹൂസ്റ്റണിലും ഡാളസിലും വളർന്നുവന്ന ക്നാനായ കത്തോലിക്കാ സമൂഹങ്ങളുടെ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ ആദ്യകാല ശുശ്രൂഷകൾക്ക് ചരിത്രപരമായ സ്ഥാനമുണ്ട്.
തുടർന്ന് ഗാൽവസ്റ്റൺ–ഹൂസ്റ്റൺ അതിരൂപതയിലും അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചു. വിരമിച്ചതിനുശേഷം കോട്ടയം അതിരൂപതയിലേക്ക് മടങ്ങിയ അദ്ദേഹം കോട്ടയത്തെ വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
കോട്ടയത്ത് ആരംഭിച്ച് അമേരിക്കയിലേക്കു വ്യാപിച്ച അദ്ദേഹത്തിന്റെ വൈദികശുശ്രൂഷ സമർപ്പിതജീവിതത്തിന്റെ ഉജ്ജ്വല സാക്ഷ്യമാണ്. പ്രത്യേകിച്ച് ടെക്സസിലെ ക്നാനായ വിശ്വാസസമൂഹങ്ങൾ അദ്ദേഹത്തിന്റെ സ്നേഹവും സേവനവും നന്ദിയോടെ അനുസ്മരിക്കും.
ചിക്കാഗോ സീറോ മലബാർ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും ക്നാനായ കത്തോലിക്കാ റീജിയന്റെയും ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനകളും ഫാ. ജോസഫിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹം സേവിച്ച വിശ്വാസസമൂഹങ്ങൾക്കും അർപ്പിക്കുന്നു.
ദൈവം റവ. ഫാ. ജോസഫ് മേലേടത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ.
ഫാ. തോമസ് മുളവനാൽ
ക്നാനായ റീജിയൻ ഡയറക്ടർ










