ഫാ. മാത്യു കൊച്ചാദംപള്ളില്‍ രചിച്ച സീറോമലബാര്‍ സഭയുടെ 1955 ലെ അധികാര വികാസം എന്ന ഗവേഷണ ഗ്രന്ഥം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പ്രകാശനം ചെയ്തു. ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന് ആദ്യപ്രതി നല്കിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. പമ്പയ്ക്കും ഭാരതപ്പുഴക്കും അപ്പുറത്തേക്കുമുള്ള സീറോ മലബാര്‍ സഭയുടെ അധികാര വികാസത്തിന്റെ ചരിത്രമാണ് ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. തങ്ങളുടെതായ ആരാധന ക്രമവും സുറിയാനി രീതികളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടിയേറ്റ ജനവും സീറോ മലബാര്‍ സഭയുടെ പിതാക്കന്മാരും നടത്തിയ നിവേദനങ്ങളു ഇന്ത്യയുടെ ദലഗേറ്റ് അപ്പോസ്‌തോലിക്ക് വത്തിക്കാന്‍ തിരുസംഘം ഇന്ത്യയുടെ മെത്രാന്മാരുടെ സംഘം എന്നിവ നല്‍കിയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തി തയാറാക്കിയിട്ടുള്ള ഈ ഗവേഷണ ഗ്രന്ഥം ഭാവി റിസര്‍ച്ച്കള്‍ക്ക് വഴിതെളിക്കുന്നതാണ്.
ക്‌നാനായ കുടിയേറ്റം നടന്ന കോഴിക്കോട് രൂപതാതിര്‍ത്തിയിലെ കോട്ടയം അതിരൂപതയുടെ അധികാര വികാസത്തെക്കുറിച്ചുള്ള പഠനവും ഇതില്‍ അടങ്ങിയിരിക്കുന്നു. ഭാരതപ്പുഴയ്ക്ക് വടക്കോട്ടും തെക്കോട്ടുമുള്ള സീറോമലബാര്‍ സഭയുടെ അധികാരവികാസത്തിന് സീറോമലബാര്‍ മെത്രാന്മാര്‍ റോമിലേയ്ക്ക് അയച്ച് നിവേദനങ്ങള്‍, ഫാ. പ്ലാസിഡ് പൊടിപാറയും മറ്റുവൈദികരും കുടിയേറ്റമേഖലയിലെ ജനങ്ങളുമയച്ച അപേക്ഷകള്‍, കോഴിക്കോട് രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ആള്‍ദോ മരിയ പത്രോണിയുടെ പിതൃസഹജമായ നിലപാടുകള്‍, ഇന്ത്യയിലെ മെത്രാന്‍സമിതിയുടെയും അപ്പസ്‌തോലിക് ദലഗേറ്റിന്റയും റിപ്പോര്‍ട്ടുകള്‍, കര്‍ദ്ദിനാള്‍ തിസ്സറാങ്ങന്റെ നടപടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒ.ഐ.ആര്‍.ഐ.സി പബ്ലിഷ് ചെയ്തിരിക്കുന്ന ഈ പുസ്തകത്തിന് ആകെ 360 പേജുകളാണുള്ളത്. ജ്യോതിബുക്ക് ഹൗസില്‍ നിന്നും പുസ്തകം ലഭ്യമാണ്.











