Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2026’ | ക്‌നാനായവോയ്‌സിലും KVTV-യിലും...

യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2026’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

136
0

യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി സ്ഥാപിതമായ 15 ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 26-ന്സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്‌വ് 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. യു.കെ.യിൽ ക്നാനായക്കാരുടെ നേതൃത്വത്തിൽ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും, കോട്ടയം അതിരൂപതയോട് ചേർന്നു നിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്‌വ്. “കരുണതൻ കരുതലായി വാഴ്‌വ്” എന്ന ആപ്തവാക്യം മുൻനിർത്തി, അർഹതപ്പെട്ട ഒരു ക്നാനായ കുടുംബത്തിന് ഭവനം നിർമ്മിച്ചുനൽകുന്നതിനും രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ വർഷത്തെ വാഴ്‌വ് 2026 പ്രത്യേക പ്രാധാന്യം നൽകുന്നത്. അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകൾ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ഈ വർഷത്തെ വാഴ്‌വിന്റെ പ്രത്യേകതകളാണ്.
യു.കെ.യിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളും മാസ്സ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസ–പാരമ്പര്യ–പൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്‌വിനെ യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായ മിഷൻ കോർഡിനേറ്റർ ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്‌വ് 2026-ന്റെ ക്രമീകരണങ്ങൾ പുരോഗമിച്ചത്. യു.കെ.യിലെ നിരവധി മഹാസംഗമങ്ങൾക്ക് വേദിയായിട്ടുള്ള ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിലാണ് ഇത്തവണ വാഴ്‌വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. പരിശുദ്ധ കുർബാനയുടെ ആരാധനയോടും ആശീർവാദത്തോടും കൂടി രാവിലെ 9.30-ന് പരിപാടികൾ ആരംഭിക്കും. രാവിലെ 10.00-ന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ, യു.കെ.യിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തോടെ പൊന്തിഫിക്കൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മിഷനുകളുടെ സ്വർഗ്ഗീയ മധ്യസ്ഥന്മാരുടെ വേഷവിധാനങ്ങൾ അണിഞ്ഞ് താള മേളങ്ങളുടെ അകമ്പടിയോടെ റാലിയും വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും ചെയ്യും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത കെ.സി.വൈ.എൽ പ്രസിഡൻറ് ജാക്സൺ സ്റ്റീഫൻ തുടങ്ങിയ വിശിഷ്ട അതിഥികളെ ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ സ്വീകരിക്കും. പൊതുസമ്മേളനവും തുടർന്ന് യു.കെ.യിലെ വിവിധ മിഷനുകളിൽനിന്നുള്ള കലാപ്രതിഭകളുടെ മികവുറ്റ കലാപരിപാടികളും ക്നാനായ സിംഫണി മേളവും വേദിയിൽ അരങ്ങേറും. രാത്രി 8.00 മണിയോടെ പരിപാടികൾക്ക് തിരശ്ശീല വീഴും. വിശ്വാസത്തിന്റെ ആഘോഷമായും, ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉണർത്തുപാട്ടായും, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായും മാറുന്ന വാഴ്‌വ് 2026-നായി യു.കെ.യിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് സെപ്റ്റംബർ 26-നെ വരവേൽക്കുന്നത്.

Previous articleടാമ്പാ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ മതബോധന ഞായർ ആഘോഷിച്ചു
Next articleKCYL അതിരൂപതാ പ്രസിഡന്റ് ജാക്സൺ മണപ്പാട്ടിന് ഹൃദയപൂർവ്വമായ സ്വീകരണം

Leave a Reply