ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസ പരിശീലന ഞായർ വിവിധ പരിപാടികളോടെ പ്രത്യേകമായി ആഘോഷിച്ചു. ക്നാനായ റീജിയൻ വിശ്വാസപരിശീലന ഡയറക്ടറും ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വികാരിയുമായ ഫാ. ബിൻസ് ചേത്തലിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലകർക്കായി കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തപ്പെട്ടു. വിശ്വാസപരിശീലന രംഗത്ത് അധ്യാപകർ നിർവഹിക്കുന്ന സേവനങ്ങളെ അനുസ്മരിക്കുകയും അവരുടെ സമർപ്പണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജോർജ് ചെറുശ്ശേരിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ മനോജ് വിരുത്തിക്കുളങ്ങര, മിനി തൈപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. “കുട്ടികൾ മാലാഖമാരാണ്; ആ മാലാഖമാരുടെ ചിറകുകളാകണം വിശ്വാസ പരിശീലകർ” എന്ന് ഫാ. ബിൻസ് ചേത്തലിൽ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കുട്ടികളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിലും ക്രൈസ്തവ മൂല്യങ്ങളിൽ അവരെ വളർത്തുന്നതിലും വിശ്വാസപരിശീലകരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.











