കനാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ (KCCNL) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി ക്യാമ്പ് 2026 ശ്രദ്ധേയമായി. രണ്ട് വർഷം മുമ്പ് മാത്രം രൂപീകൃതമായ KCCNL-ന്റെ വളർച്ചയുടെ ഉത്തമ ഉദാഹരണമായിരുന്നു ന്യൂഫൗണ്ട്ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറിലധികം അംഗങ്ങളുടെ സാന്നിധ്യം. സെന്റ് ജോൺസിന് സമീപമുള്ള കാർബണറിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, വിവിധ ഗെയിമുകൾ, ബീച്ച് സന്ദർശനം, വിനോദ പരിപാടികൾ എന്നിവയാൽ ശ്രദ്ധേയമായി. ന്യൂഫൗണ്ട്ലാൻഡിലെ ക്നാനായ സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന വേദിയായി ഈ കുടുംബസംഗമം മാറി.

ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും KCCNL-ന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും, സബ്കമ്മിറ്റികൾക്കും, സ്പോൺസർമാർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. KCCNL പ്രസിഡന്റ് ശ്രീ. ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോംസൺ ഫിലിപ്പ് സ്വാഗതവും ട്രഷറർ റെനിൽ കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി. വിവിധ യൂണിറ്റ് കൺവീനർമാരായ ജിജോ മാത്യു, ജിത്ത് കുര്യൻ എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസഫ് തെക്കുംകാലായിൽ, തോമസ്കുട്ടി തോമസ്, സ്മിതാ മനീഷ്, സോണിയ ജോബീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിവിധ സബ്കമ്മിറ്റികൾക്ക് ഷൈനി ജോസ്, ഡോണി മൈക്കിൾ, ജോൺ എബ്രഹാം, ജോബിഷ് മാത്യു, അബിൽ സണ്ണി, ബിബിൻ ഫിലിപ്പ്, ജോവാൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. ഈ കുടുംബസംഗമം പങ്കെടുത്തവർക്കെല്ലാം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മറക്കാനാവാത്ത അനുഭവമായി മാറി. KCCNL-ന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഈ പരിപാടി കൂടുതൽ കരുത്തും പ്രചോദനവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.













