കോട്ടയം: ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് മുരളിയെ നായകനാക്കി നവാഗതനായ സംവിധായകന്‍ ജോമി ജോസ് കൈപ്പാറേട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രം ‘കരുതലി’ന് സാമൂഹിക പ്രസക്തിയുള്ള ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരളാ ഫിലിം ക്രിട്ടിക്സിന്റെ 2025 ലെ അവാര്‍ഡ്. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ കരുതല്‍, ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് ആരാധകരുടെ ആദരവ് നേടുമ്പോഴും തന്റെ പ്രഥമ സംവിധാന സംരംഭത്തിന് തന്നെ ഇത്ര വലിയൊരു അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ലാദം സംവിധായകനായ ജോമി ജോസ് മറച്ചുവെയ്ക്കുന്നില്ല. ഹ്രസ്വചിത്രങ്ങള്‍ ചെയ്തുണ്ടാക്കിയ അനുഭവസമ്പത്ത് മാത്രം കൈമുതലായുള്ള ജോമിക്ക് സ്വന്തം സുഹൃത്തുക്കളും വീട്ടുകാരും നല്‍കിയ ധൈര്യമാണ് കരുതല്‍ സിനിമ ചെയ്യാന്‍ കരുത്ത് പകര്‍ന്നത്. ജീവിതസായാഹ്നത്തില്‍ അച്ഛനമ്മമാര്‍ മക്കളുടെ സാനിധ്യം കൊതിക്കുന്നതിലെ വേദന തിരിച്ചറിഞ്ഞതായിരുന്നു ചിത്രം ചെയ്യാന്‍ തനിക്ക് പ്രേരണയായതെന്നും തുടക്കക്കാരനായ ജോമി പറയുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥ, സംഭാഷണം & ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നായകന്‍ പ്രശാന്ത് മുരളിയെക്കൂടാതെ കോട്ടയം രമേശ്, സിബി തോമസ്, സുനില്‍ സുഖദ, ഐശ്വര്യ നന്ദന്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍, റോബിന്‍ സ്റ്റീഫന്‍, മോളി പയസ്, ഷീജോ പഴയമ്പള്ളില്‍, RJ സുരാജ്, ജോ സ്റ്റീഫന്‍, മാത്യു മാപ്പിളേട്ട്, ജോസ് കൈപ്പാറേട്ട്, ടോമി ജോസഫ്, റിജേഷ് , അനില്‍ ചേരിയില്‍, വിനോദ് ചേരിയില്‍, ജിസ്‌ന ബാസ്റ്റിന്‍, ഷെറിന്‍ സാം, രസ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, സ്മിത ലൂക്ക്, ബിജിമോള്‍ സണ്ണി, നയന മിഥുന്‍, സരിത തോമസ്, അന്‍വി റെജി, ദിയ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.












