1700-ൽ അധികം വരുന്ന ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ സംഗമ ഭൂമിയായി സിഡ്‌നിയിലെ പൈതൃകം -2026 വേദി നിറഞ്ഞാടിയപ്പോൾ, ഓഷ്യാനയിലെ ക്നാനായ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന കൺവെൻഷൻ അനുഭവമായി മാറി. ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും എത്തിയ ക്നാനായക്കാർ തങ്ങളുടെ പൈതൃക മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് രണ്ടു ദിനരാത്രങ്ങളിൽ മഴവിൽവർണ്ണങ്ങളുടെ ചാരുതയോടെ അണിനിരന്നപ്പോൾ, കഴിഞ്ഞ രണ്ടു വർഷക്കാലത്തെ അവരുടെ കാത്തിരിപ്പിന്റെയും തായ്യാറെടുപ്പിന്റെയും പൂർത്തീകരണമായി മാറി . ഓഷ്യാനയിലെ ക്നാനായ സംഘടനയായ KCCO യും സിഡ്‌നിയിലെ അംഗ സംഘടനയായ SKCA യും സംയുക്തമായി നടത്തിയ പൈതൃകം-2026 അടയാളപ്പെടുത്തിയത് ദീർഘനാളത്തെ അവരുടെ കൂട്ടായ പരിശ്രമങ്ങളുടെയും സഹകരണത്തിന്റെയും സമ്പൂർണ്ണ വിജയമാണ്.

ആദ്യ ദിനത്തിലെ സായാഹ്നത്തിൽ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് തിരികൊളുത്തി ഓഷ്യാനയിലെ ക്നാനയ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. KCCO യുടെ കർമ്മ നിരതനായ അധ്യക്ഷൻ ജോസ് എബ്രാഹം അധ്യക്ഷത വഹിക്കുകയും വിശിഷ്ടാതിഥിയായി എത്തിയ KCC പ്രസിഡന്റ് ബാബു സാർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ആതിഥേയരായ സിഡ്‌നി ക്നാനായ കാത്തോലിക് അസോസിയേഷന്റെ അമരക്കാരനും കൺവെൻഷൻ ചെയർമാനുമായ ബേബി ജോസഫ് സ്വാഗതവും KCCO യുടെ ബഹുമാന്യനായ വൈസ് പ്രസിഡന്റ് ജിജോമോൻ തോമസ് കൃതജ്ഞതയും അർപ്പിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ വിവിധ അംഗ സംഘടനകൾക്ക് വേണ്ടി ഓഷ്യാനയിലെ ക്നാനായ യുവത്വം വേദിയിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ നടത്തിയപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന കാഴ്ചക്കാരെയാണ് കാണാനായത്. നൃത്ത ചുവടുകളുടെ അകമ്പടിയോടെ ഓരോ യൂണിറ്റിയിൽ നിന്നും എത്തിയ ചെണ്ട ടീം നടത്തിയ പ്രകടനങ്ങൾ നയന മനോഹരമായ കാഴ്ചയായി. ക്നാനായ കൺവെൻഷനുകളുടെ ഹൈലൈറ് ഇവന്റ് കളിൽ ഒന്നായ ആയ മിസ്റ്റർ & മിസ്സ് ക്നാ കോമ്പറ്റിഷനിൽ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ബ്രിസ്‌ബൈനിൽ നിന്നും എത്തിയ ജോർജ്ജ് തുരുത്തിയും പെർത്തിൽ നിന്നും എത്തിയ സാനിയ ജോസും ജേതാക്കളായി.

രണ്ടാം ദിവസം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോൺ പനംതോട്ടം പിതാവിന്റെ നിറസാന്നിധ്യം ചടങ്ങുകളിൽ ഉടനീളം പ്രകടമായിരുന്നു. അരങ്ങിൽ എന്ന പോലെ കളിക്കളത്തിലും യുവത്വത്തിന്റെ തേരോട്ടം ദൃശ്യമായിരുന്നു. വോളിബോൾ, വടംവലി തുടങ്ങിയ അതിവാശിയേറിയ മത്സര വിഭാഗങ്ങളിൽ ഓഷ്യാന ക്നാനായ സമൂഹത്തിലെ രണ്ടാം തലമുറയുടെ ആധിപത്യമാണ് സിഡ്‌നിയിൽ കാണാനായത്. കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുഴുവൻ ആൾക്കാരും ഇദംപ്രഥമമായി പ്രാദേശിക സംഘടനാടിസ്ഥാനത്തിൽ നടത്തപ്പെട്ട റാലിയിൽ അണിനിരന്നത് വർണ്ണാഭമായ കാഴ്ചയായി. സമാപന സമ്മേളനത്തിന് ശേഷം അരങ്ങേറിയ KCYL ഡാൻസ് കോമ്പറ്റിഷൻ, ബോളിവുഡ് സിനിമകളിലെ കൊറിയോഗ്രഫിയെ അനുസ്മരിപ്പിക്കും വിധം മികവുറ്റതായിരുന്നു. മൂന്ന് ദിവസവും അഭിവന്ദ്യ പണ്ടാരശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയോടെയാണ് ഈ കൺവെൻഷൻ പുരോഗമിച്ചത് എന്നതും, ചരിത്ര താളുകളിൽ തങ്ക ലിപികളാൽ എഴുതിച്ചേർക്കപ്പെടും. പൈതൃകം 2026 ന്റെ സമ്പൂർണ്ണ വിജയത്തിനായി എണ്ണയിട്ട യന്ത്രം പോലെ അത്യദ്ധ്വാനം ചെയ്ത KCCO & SKCA സംഘടനകളിലെ എല്ലാ നിസ്വാർത്ഥമതികളായ അംഗങ്ങൾക്കും ഈ പൈതൃകം 26 ന്റെ വിജയം സമർപ്പിക്കുന്നു. ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന് പൈതൃകം 26 പകർന്നു നൽകിയ മഹത്തായ സന്ദേശം ശ്രദ്ധേയമായി..













