കാരിത്താസ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് കോളേജുകളെ സംയുക്തമായി ഉൾപ്പെടുത്തി സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, കാരിത്താസ് കോളേജ് ഓഫ് ഫാർമസി, വേളാങ്കണ്ണി മാതാ കോളേജ് ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കിയ 180 ഓളം വിദ്യാർത്ഥികളാണ് ഈ ചടങ്ങിൽ വെച്ച് ബിരുദങ്ങൾ ഏറ്റുവാങ്ങിയത്. വിശുദ്ധ കുർബാനയോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടറും സി.ഇ.ഓ.യുമായ റവ. ഡോ. ബിനു കുന്നത്ത് സ്വാഗതം ആശംസിച്ച ചടങ്ങ് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ബിരുദദാന സന്ദേശം നൽകുകയും ചെയ്തു. മെന്ററും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. റൂബിൾ രാജ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രശംസാപത്രം നൽകുകയും, ഫാർമസി വിഭാഗത്തിന് ഡോ. സിസ്റ്റർ എൻ. എ. ഏലിക്കുട്ടി, നഴ്സിംഗ് വിഭാഗത്തിന് പ്രൊഫ. സിസ്റ്റർ ലിസി ജോൺ എന്നിവർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ഓരോ കോഴ്‌സിലെയും ബെസ്റ്റ് ഔട്ട്‌ഗോയിംഗ്, ബെസ്റ്റ് ബെഡ്‌സൈഡ്, അക്കാദമിക് എക്സലൻസ് എന്നീ ബഹുമതികൾ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും, അവർക്ക് പ്രത്യേക പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ബി.എസ്. സി നഴ്സിംഗ് ബിരുദധാരി മീനു ലൂക്കോസ് ഓർമ്മകൾ പങ്കുവെച്ച ചടങ്ങിൽ കാരിത്താസ് എഡ്യൂസിറ്റി അക്കാദമിക് ഡയറക്ടർ പ്രൊഫ. ഡോ. സാജൻ ജോസ് നന്ദി അറിയിച്ചു. വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജെയിംസ് ജേക്കബ്, സമൂഹത്തിലെ നാനാ തുറകളിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, വൈദികർ, സന്യസ്തർ, മാതാപിതാക്കൾ എന്നിവർ ഉൾപ്പെടെ ആയിരം പേർ പങ്കെടുത്ത ചടങ്ങ് സ്നേഹ വിരുന്നോടുകൂടി അവസാനിച്ചു.















