ഫുട്ബോൾ ലോകക്കപ്പിൻ്റെ ഉത്സവ ലഹരി കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ പെയ്തിറങ്ങി. പ്രിയ താരങ്ങളുടെയും രാജ്യങ്ങളുടെയും ജേഴ്‌സി ധരിച്ചെത്തിയ പെൺ കുട്ടികൾ സ്കൂൾ മുറ്റം ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റി. ഡായ് ഡായ്, വക്കാ വക്കാ താളത്തിൻ്റെ അകമ്പടിയിൽ നൃത്തം ചവുട്ടി. ചാണ്ടി ഉമ്മൻ എം എൽ എ കുട്ടികളുടെ ഫുട്ബോൾ വൈബിന് ആവേശം പകരാൻ സ്‌കൂളിലെത്തി. ഫുട്ബോൾ ലോകക്കപ്പ് സ്‌കൂൾ മുറ്റത്ത് സ്ഥാപിച്ച അദ്ദേഹം, ഗോൾപോസ്റ്റിലേക്ക് ഗോളടിച്ച് സ്കൂൾ ലോകക്കപ്പ് ആഘോഷ പരിപാടികളുടെ – ട്രിയോണ്ട 2026- ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂളിൽ സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിൽ അർജ്ജൻ്റീന ടീമിൻ്റെ പേര് കുറിച്ചപ്പോൾ കുട്ടികൾ ഹർഷാരവത്തോടെ എം എൽ എയ്ക്ക് പിന്തുണ നൽകി. സ്‌കൂൾ മാനേജർ ഫാ അബ്രഹാം പറമ്പേട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ജോബി ജോസഫ്, ഹെഡ്മിസ്ട്രസ് സി പ്രിയ, പിറ്റിഎ പ്രസിഡൻ്റ് ജോർജ്ജ് തോമസ്, കായികാധ്യാപകൻ ആൽബർട്ട് സൈമൺ എന്നിവർ സംസാരിച്ചു. കിക്കോഫ് ക്വിസ് മത്സര വിജയികൾക്ക് ചാണ്ടി ഉമ്മൻ സമ്മാനങ്ങൾ നൽകി.











