Home ഇന്ത്യൻ വാർത്തകൾ കരുതൽ – നാടുവിടലിന്റെയും ബന്ധങ്ങളുടെയും നിശ്ശബ്ദ വേദന പറഞ്ഞ സിനിമ

കരുതൽ – നാടുവിടലിന്റെയും ബന്ധങ്ങളുടെയും നിശ്ശബ്ദ വേദന പറഞ്ഞ സിനിമ

338
0

ഉഴവൂർ പ്രദേശത്തെ ചില ചെറുപ്പക്കാരെ കേന്ദ്രമാക്കി, ഉഴവൂരിന്റെയും യൂറോപ്പിലെ ചില പ്രദേശങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ ‘കരുതൽ’ വലിയ അവകാശവാദങ്ങളില്ലാതെ, ലളിതമായ അവതരണത്തിലൂടെ ഗൗരവമുള്ള ഒരു സാമൂഹ്യ യാഥാർഥ്യം അവതരിപ്പിക്കുന്ന സിനിമയാണ്. വൻമുതൽമുടക്കുകളോ കൃത്രിമ നാടകീയതകളോ ഇല്ലാതെ, ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു കുടുംബകഥ പറയുന്നതിലാണ് ഈ സിനിമയുടെ പ്രത്യേകത. നാട്ടിൽ നിന്ന് പുതുജീവിതം തേടി വിദേശങ്ങളിലേക്ക് പോകുന്ന ചെറുപ്പക്കാരുടെയും, അവരെ വിട്ടുനൽകേണ്ടിവരുന്ന മാതാപിതാക്കളുടെയും മാനസിക സംഘർഷങ്ങളാണ് സിനിമയുടെ പ്രമേയം. മക്കൾ വിദേശത്ത് താമസിക്കുമ്പോൾ നാട്ടിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ദുഃഖവും, മാതാപിതാക്കൾ കൂടെയില്ലാത്തതിന്റെ വേദന അനുഭവിക്കുന്ന മക്കളുടെ മനോവേദനയും സിനിമ സമാന്തരമായി അവതരിപ്പിക്കുന്നു. ഈ സംഘർഷങ്ങൾ അമിതമായ വികാരപ്രകടനങ്ങളില്ലാതെ, സ്വാഭാവികമായ ദൃശ്യങ്ങളിലൂടെ കൈമാറുന്നതിലാണ് സംവിധായകന്റെ ശ്രദ്ധ.

സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ‘കരുതൽ’ ഓരോ പ്രേക്ഷകനും സ്വന്തം ജീവിതത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാനുള്ള അവസരം നൽകുന്നു. അന്യമതസ്ഥരെ അപകീർത്തിപ്പെടുത്തലിനും കള്ളപ്പണം ഇറക്കുമതി പോലുള്ള താൽപര്യങ്ങൾക്കും സിനിമയെ ഉപകരണമാക്കുന്ന പ്രവണതകൾ ശക്തമായ ഈ കാലത്ത്, ഒരു കുടുംബത്തിന്റെയും ഒരു സമൂഹത്തിന്റെയും വർത്തമാന യാഥാർഥ്യം മാത്രമായി കഥയെ നിലനിർത്താൻ ശ്രമിച്ചിരിക്കുന്നതുതന്നെ ശ്രദ്ധേയമാണ്.
അണിയറ പ്രവർത്തകരുടെ സമഗ്രമായ ഇടപെടൽ സിനിമയ്ക്ക് ഭംഗി കൂട്ടുന്നു. ചില പുതുമുഖ അഭിനേതാക്കളുടെ ഭാഗത്ത് നിന്ന് ഇടയ്ക്കുള്ള ഏതാനും നാടകീയ സംഭാഷണങ്ങൾ ഒഴിച്ചാൽ, വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്ന ദൗർബല്യങ്ങൾ ചിത്രത്തിലില്ല. ആകെപ്പറഞ്ഞാൽ, ‘കരുതൽ’ വലിയ ശബ്ദങ്ങളില്ലാതെ, മനസ്സിലേക്ക് പതിയുന്ന തരത്തിൽ നാടുവിടലിന്റെയും ബന്ധങ്ങളുടെയും നിശ്ശബ്ദ വേദന പറഞ്ഞു പോകുന്ന ഒരു സിനിമയാണ്. കുടുംബ പ്രേക്ഷകർക്ക് പ്രത്യേകിച്ച് കാണാവുന്ന, ചിന്തിപ്പിക്കുന്ന ഒരു അനുഭവം.

By – ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ

Previous articleസഭയ്ക്കും സമൂഹത്തിനും മാതൃകയായ സേവനം: ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് സി.ബി.സി.ഐ അവാര്‍ഡ്
Next articleസിബിസിഐക്ക് പുതിയ നേതൃത്വം. കർദിനാൾ ആന്തണി പൂലാ പ്രസിഡണ്ട്. ഈ സ്ഥാനത്തേക്ക് എത്തുന്ന പ്രഥമ ദളിത് മെത്രാൻ.

Leave a Reply