തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ സംരക്ഷണ മേഖലയിലെ പ്രശസ്ത സഘടനയായ മള്‍ട്ടിനാഷണല്‍ അസോസിയേഷന്‍ ഓഫ് സപ്പോര്‍ട്ടീവ് കെയര്‍ ഇന്‍ കാന്‍സര്‍ (എം.എ.എസ്.സി.സി.) സ്‌കോളര്‍ഷിപ്പിന് മെഡിക്കല്‍ ഓങ്കോളജി വിദഗ്ധന്‍ ഡോ. ബോബന്‍ തോമസ് അര്‍ഹനായി. കാന്‍സര്‍ രോഗ ചികിത്സാവേളയില്‍ 49.82 ശതമാനം രോഗികളും കടുത്ത വൈകാരിക സമ്മര്‍ദത്തിലും സാമൂഹിക ഒറ്റപ്പെടലിലും അനുഭവിക്കുന്നതായുള്ള പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. 2026 ജൂണ്‍ മാസം 25 മുതല്‍ 27 വരെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന (എം.എ.എസ്.സി.സി) വാര്‍ഷിക സമ്മേളനത്തില്‍ ഈ പഠനം ഡോ. ബോബന്‍ തോമസ് അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം ജര്‍മ്മനിയിലെ ബര്‍ലിനില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് മെഡിക്കല്‍ ഓങ്കോളജി സമ്മിറ്റിലും പഠനം അവതരിപ്പിച്ചിരുന്നു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് കേരളം ഘടകം ജനറല്‍ സെക്രട്ടറിയും കേരള കാന്‍സര്‍ കോണ്‍ക്ലേവ് ഡയറക്ടറുമാണ് ഡോ. ബോബന്‍. കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓങ്കോളജി വിദഗ്ധന്‍കൂടിയാണ് അദ്ദേഹം.












