ബർമിംഗ്ഹാം: ഗോത്രമഹിമയുടെ തനിമയും, പൂർവ്വികർ പകർന്നുനൽകിയ പാരമ്പര്യവും, നെഞ്ചോടുചേർത്ത വിശ്വാസവും മുറുകെപ്പിടിച്ച് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രപുസ്തകത്തിൽ ഒരു സുവർണ്ണ അധ്യായം കുറിക്കാൻ “വാഴ്‌വ് 2025” മഹാസംഗമം ഒരുങ്ങുന്നു. യുകെയുടെ ഹൃദയഭാഗമായ ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ, 2025 ഒക്ടോബർ 4-ന് ശനിയാഴ്ച, ഈ ചരിത്ര സംഗമത്തിന് അരങ്ങുണരും. നമ്മുടെ കൂട്ടായ്മയുടെ വേരുകൾ ആഴത്തിലോടാനും വിശ്വാസത്തിൽ തഴച്ചുവളരാനുമുള്ള ഈ അപൂർവ്വ സംഗമത്തിനായി യുകെ യിലെമ്പാടുമുള്ള ക്നാനായ മക്കൾ ആവേശത്തോടെ കാത്തിരിക്കുന്നു. യു.കെ.യിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ വാഴ്‌വ് – 25 ന്‍റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ അഭി. മാര്‍ ജോസഫ് പണ്ടാരശ്ശേരീൽ പിതാവാണ് ഈ വര്‍ഷം എത്തുന്നത് എന്നത് വാഴ്‌വ് – 25 നെ പ്രൗഢഗംഭീരമാക്കും. കൂടാതെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവരോടൊപ്പം യു.കെ. യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു. പരി. കുര്‍ബാനയുടെ ആരാധനയോടെയും, ആശീര്‍വാദത്തോടെയും രാവിലെ 9:45 ന് പരിപാടികള്‍ ആരംഭിക്കും. 10.30 ന് അഭി. മാര്‍ ജോസഫ് പണ്ടാരശേരീൽ പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യു.കെ. യിലെ ക്നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യു.കെ. യിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികൾ, ക്നാനായ സിംഫണിമേളം എന്നിവ വേദിയിൽ അരങ്ങേറും രാത്രി 8:00 മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
യു.കെ.യിലെ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം “വാഴ്‌വ് 2025” രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് നടക്കുക. ഈ മഹാകൂട്ടായ്മയ്ക്ക് ചുക്കാൻ പിടിക്കുന്നത് ഫാ. സുനി പടിഞ്ഞാറേക്കര (ചെയർമാൻ), ശ്രീ. അഭിലാഷ് തോമസ് മൈലപ്പറമ്പിൽ (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതിയാണ്. ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ (കൺവീനർമാർ), ശ്രീ. സജി രാമച്ചനാട്ട് (ജോയിന്റ് കൺവീനർ) എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നു. തലമുറകളായി നാം കാത്തുസൂക്ഷിക്കുന്ന തനിമയാർന്ന പാരമ്പര്യങ്ങളും വിശ്വാസ ദാർഢ്യവും അടുത്ത തലമുറയുടെ സിരകളിലേക്ക് പകർന്നുനൽകാനുള്ള ഒരു വലിയ വിളനിലമായി “വാഴ്‌വ് 2025” മാറും. ഇത് കേവലം ഒരു ഒത്തുചേരലല്ല, മറിച്ച് യുകെ യിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ഉജ്ജ്വലമായ പുനഃപ്രഖ്യാപനമാണ്. വിശ്വാസ പ്രഘോഷണങ്ങൾ, ഹൃദയം കവരുന്ന കലാവിരുന്നുകൾ, ചൈതന്യദായകമായ പ്രാർത്ഥനാ ശുശ്രൂഷകൾ, എന്നിവ ഒത്തുചേർന്ന് ഈ ദിനം അവിസ്മരണീയമാക്കും. നമ്മുടെ പൂർവ്വികർ തെളിച്ച വിശ്വാസവഴിയിലൂടെ ഒരുമയോടെ മുന്നേറാനും, നമ്മുടെ തനിമ ലോകത്തോട് ഉറക്കെപ്പറയാനും, വരും തലമുറയ്ക്ക് നമ്മുടെ പൈതൃകം അഭിമാനത്തോടെ കൈമാറാനും “വാഴ്‌വ് 2025” നമ്മെ ഒരുമിപ്പിക്കട്ടെ. ഈ ചരിത്രപരമായ ഒത്തുചേരലിന്റെ വിജയത്തിനായി നമുക്കോരോരുത്തർക്കും ഒരുമനസ്സോടെ പ്രയത്നിക്കാം.














