ക്നാനായ സമുദായം കേരളസഭയുടെ അവിഭാജ്യ ഘടകമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ നടത്തപ്പെട്ട 115-ാമത് കോട്ടയം അതിരൂപതാദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ പിതാവ് വി. ബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു പ്രസംഗിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, അതിരൂപതയിലെ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, വൈദികര്‍ മുതലായവര്‍ സഹകാര്‍മ്മികരായി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കുര്‍ബാന മധ്യേ മാര്‍ തോമസ് തറയില്‍ തന്റെ പ്രസംഗത്തില്‍ കോട്ടയം ക്നാനായ സമുദായം കേരളസഭയ്ക്ക് നല്കിയ സംഭാവനകളും ഇടയ്ക്കാട്ട് ദൈവാലയത്തിന്റെ ചരിത്ര പ്രാധാന്യവും പ്രത്യേകം പരാമര്‍ശിക്കുകയും ഇടയ്ക്കാട്ടു ദൈവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ധന്യന്‍ മാക്കീല്‍ പിതാവിനെ അനുസ്മരിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കാ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളസഭയുടെ ചരിത്രത്തില്‍ ഏറ്റം ആദരിക്കപ്പെടേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. മാക്കീല്‍ പിതാവിന്റെ നിയമപുസ്തകമായ ദെക്രേത്തു പുസ്തകം, വിശ്വാസ പരിശീലനത്തിനുള്ള ക്രിസ്തീയ സംക്ഷേപം മുതലായവ ഇന്നും പ്രസക്തിയുള്ളവയാണ്. അദ്ദേഹത്തിന്റെ ഈടുറ്റ ഇടയലേഖനങ്ങള്‍ ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പഠനകാര്യങ്ങള്‍ക്ക് സഹായിക്കുന്നവയാണെന്ന് ഓര്‍മ്മിപ്പിച്ചു. സംഘാതമായ എതിര്‍പ്പുകളെ ഉത്തമഹൃദയത്തോടെ എതിര്‍ത്ത മഹാനായിരുന്നു മാക്കീല്‍ പിതാവെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതയുടെ മിഷണറി ചൈതന്യം മാതൃകാപരമാണെന്നും തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ സമുദായാംഗങ്ങള്‍ കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
ക്നാനായ സമുദായം കേരളസഭയുടെ അവിഭാജ്യ ഘടകമാണെന്നും അതിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ചരിത്രവും പൂര്‍ണ്ണമാകില്ലെന്നും ചരിത്രത്തോട് നീതി പുലര്‍ത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ നിലനില്പ് ആവശ്യമാണെന്നും അതിനെതിരെയുളള പ്രവര്‍ത്തനങ്ങള്‍ എവിടെനിന്നു വന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്വവംശവിവാഹനിഷ്ഠ പാലിച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. നല്ല കുടുംബങ്ങളും നല്ല ദൈവവിളികളും ഉണ്ടായാല്‍ മാത്രമേ നമ്മുടെ സമുദായത്തെ സ്വദേശത്തും വിദേശത്തും നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമുദായ തനിമ നിലനിര്‍ത്താന്‍ ധന്യന്‍ മാക്കീല്‍ പിതാവു നടത്തിയ ത്യാഗോജ്ജ്വലമായ പരിശ്രമങ്ങളുടെ സത്ഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നതെന്നും വിശ്വാസത്തിന്റെ തെളിയുന്ന നാളങ്ങളായി മാറാന്‍ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡ്യയിലെവിടെയും ക്നാനായക്കാര്‍ക്കുവേണ്ടി പള്ളികള്‍ സ്ഥാപിക്കുന്നതിനും അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചു. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഏവരെയും സ്വാഗതം ചെയ്തു. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. കഴിഞ്ഞ അതിരൂപതാദിനത്തിനുശേഷം വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍ പരിചയപ്പെടുത്തുകയും അതിരൂപതാദ്ധ്യക്ഷന്‍ അവരെ ആദരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷം അതിരൂപതയില്‍ നടത്തപ്പെട്ട വിവിധങ്ങളായ സംഭവങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള അവതരണം അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് നടത്തി. പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അബ്രാഹം പറമ്പേട്ട്, കെ.സി.സി. അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോട്ടയം അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ അതിരൂപതാദിന കമ്മിറ്റിക്കുവേണ്ടി കൃതജ്ഞതയര്‍പ്പിച്ചു.












