ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലര്‍ത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ആഹ്വാന പ്രകാരം, സംഘടിപ്പിക്കുന്ന അധ്യാപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും 2025 ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ ആരംഭിച്ച് കോട്ടയം കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണയോടെ നടക്കുകയാണ്. 2018 മുതല്‍ സ്ഥിരനിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തിപ്പെടുത്തുന്ന എയ്ഡഡ് മേഖലയെ പാടെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ മുന്നറിയിപ്പ് സമരം. ഭിന്നശേഷി സംവരണം ഞങ്ങളുടെ സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. കോടതി വിധിയനുസരിച്ച് അത്തരത്തിലുള്ള മുഴുവന്‍ ഒഴിവുകളും മാനേജ്‌മെന്റ്കള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ലഭ്യമായ മുഴുവന്‍ പേരെയും നിയമിച്ച് കഴിഞ്ഞു. വസ്തുത ഇതായിരിക്കെ, ഭിന്നശേഷി അധ്യാപകരെ പൂര്‍ണ്ണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ലയെന്നുള്ള പിടിവാശിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ ശാഠ്യം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത എന്‍ എസ് എസ് മാനേജ്‌മെന്റിന് , സര്‍ക്കാര്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് നിയമനാംഗീകാരം നല്‍കുമ്പോള്‍, സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഏജന്‍സികള്‍ക്കും ഈ വിധി ബാധകമാണ് എന്നുള്ള സുപ്രീം കോടതി ഉത്തരവും , നാലു മാസത്തിനകം പ്രശ്‌നപരിഹാരമുണ്ടാക്കണം എന്ന ഹൈക്കോടതി വിധികളും കാറ്റില്‍ പറത്തുന്ന സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ കോട്ടയത്തെ അഞ്ച് കത്തോലിക്കാ രൂപതാ മാനേജ്‌മെന്റുകളിലെ അധ്യാപകര്‍ സംഘടിപ്പിക്കുന്നതാണ് ഈ അവകാശ സമരം.
സമരത്തില്‍ ചങ്ങനാശ്ശേരി, പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നീ രൂപതകളിലെ നാലായിരത്തിലധികം വരുന്ന അധ്യാപകര്‍ പങ്കെടുക്കും. 2018 മുതല്‍ 2021 വരെയുള്ള അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021-ന് ശേഷം മാനേജ്‌മെന്റ് സ്‌കൂളുകളിലെ മുഴുവന്‍ നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇതിനും പലവിധ സങ്കീര്‍ണ്ണ ഉത്തരവുകള്‍ പ്രതിസന്ധികള്‍ തീര്‍ക്കുന്നു. ഇത്തരത്തില്‍ ദിവസക്കൂലിക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് യോഗ്യരായ അധ്യാപകര്‍ക്ക് കേരള സര്‍വ്വീസ് റൂളും ചട്ടവും പ്രകാരമുള്ള ഇന്‍ക്രിമെന്റ്,ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളോ ,പ്രൊബേഷനോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ഇത്തരത്തില്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്ക് നിയമാനുസൃതമായി ഉള്ള അവധി ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതം വഴിമുട്ടി, ശമ്പളം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അധ്യാപക ആത്മഹത്യകളും കേരളത്തില്‍ സംഭവിക്കുന്നത് ,ബന്ധപ്പെട്ടവര്‍ കണ്ണ് തുറന്ന് കാണേണ്ടതുണ്ട്, എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമരം. അധ്യാപകരുടെ ഈ പ്രതിഷേധ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും ചങ്ങനാശ്ശേരി, പാലാ, കോട്ടയം കാഞ്ഞിരപ്പള്ളി, വിജയപുരം, രൂപതകളിലെ കോര്‍പ്പറേറ്റ് മാനേജര്‍മാരും ഡയറക്ടര്‍മാരും സംസ്ഥാന- രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കും.












