മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, “കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ” – ജീവകാരുണ്യ പദ്ധതിയുടെ ആദ്യ സംഭാവന സ്വീകരിച്ചു. കോട്ടയം അതിരുപതയിലെ എല്ലാ ഇടവകകളിലും, ഒരു വീൽചെയർ വീതം നൽകുക എന്നതാണ് ഈ ജീവകാരുണ്യ പദ്ധതിയിലൂടെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. മെൽബൺ നോബിൾ പാർക്ക് കത്തോലിക്കാ പള്ളിയിലെ ഈസ്റ്റർ കുർബാനയ്ക്ക് ശേഷം, പത്താം വാർഷികം ജനറൽ കൺവീനർ ശ്രീ ഷിനോയ് മഞ്ഞാങ്കൽ, നടത്തിപ്പ് കൈക്കാരൻ ശ്രീ ആശിഷ് സിറിയക് മറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, ചാരിറ്റി കമ്മിറ്റി അംഗങ്ങൾ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെച്ച്, ഇടവകാംഗങ്ങളായ അജുമോൻ & ജാൻസ് കുളത്തുംതല കുടുംബാംഗങ്ങളിൽ നിന്നും, ഇടവക വികാരി റവ: ഫാ: അഭിലാഷ് കണ്ണാമ്പടം, രണ്ട് വീൽചെയറുകൾ വാങ്ങിക്കുവാനുള്ള ആദ്യ സംഭാവന സ്വീകരിച്ചു.

കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലുംതന്നെ, ഓരോ വീൽ ചെയറുകൾ നൽകാൻ സാധിക്കും എന്ന പ്രത്യാശയിൽ, ഗ്രേറ്റർ ജീലോങ് മലയാളി അസോസിയേഷൻ പ്രസിഡൻറ് കൂടിയായ ശ്രീ ജോജി ബേബി കുന്നുകാലയിൽ കോർഡിനേറ്ററായുള്ള പത്താം വാർഷികം ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ , വിപുലമായ പദ്ധതികൾ തയ്യാറാക്കി വരുന്നു. ഒരു വീൽ ചെയറിന് 125 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.
വീൽ ചെയറുകൾ സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻമാരായ ആശിഷ് സിറിയക് മറ്റത്തിൽ, നിഷാദ് പുലിയന്നൂർ, കോർഡിനേറ്റർ ജോജി ബേബി കുന്നുകാലായിൽ എന്നിവരുമായി ബന്ധപ്പെടുക.
ദൈവം നമുക്ക് കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, നാട്ടിലുള്ള, ആവശ്യക്കാരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാനുമായി, ദൈവം നമുക്ക് നൽകുന്ന ഒരു അവസരമായി കണക്കാക്കിക്കൊണ്ട്, എല്ലാ ഇടവകാംഗങ്ങളും ഈ ഒരു ജീവകാരുണ്യ പദ്ധതിയിൽ പങ്കാളികളാകണമെന്ന്, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.















